
തിരുവനന്തപുരം: പ്രതിഷേധത്തിന് പിന്നാലെ മോഹൻലാൽ ചിത്രം എമ്പുരാനിലെ മൂന്ന് മിനിറ്റ് നീളുന്ന ദൃശ്യങ്ങൾ വെട്ടിമാറ്റാൻ സെൻസർ ബോർഡ് അനുമതി നൽകി. തിങ്കളാഴ്ച മുതൽ ചിത്രത്തിന്റെ റീ എഡിറ്റഡ് പതിപ്പായിരിക്കും തീയേറ്ററുകളിൽ പ്രദർശിപ്പിക്കുക.
ചിത്രത്തിൽ ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന സീൻ ആണ് ഒഴിവാക്കിയത്. സിനിമയിലെ വില്ലൻ കഥാപാത്രത്തിന്റെ പേരിലും മാറ്റം വരുത്തിയിട്ടുണ്ട്. ബജ്രംഗി എന്ന പേര് മാറ്റി ബൽരാജ് എന്നാക്കിയിട്ടുണ്ട്.
അസാധാരണ നടപടിയാണ് ചിത്രവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. നിർമ്മാതാക്കൾ തന്നെ ചിത്രത്തിലെ ഭാഗങ്ങൾ വെട്ടിമാറ്റാൻ സെൻസർ ബോർഡിനോട് ആവശ്യപ്പെടുകയായിരുന്നു. വ്യാപകമായ പരാതിയും പ്രതിഷേധവും ശക്തമായതിന് പിന്നാലെ കേന്ദ്ര സെൻസർ ബോർഡ് ഇടപെട്ട് നടപടികൾ വേഗത്തിലാക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഇതിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലെ സെൻസർ ബോർഡ് ആസ്ഥാനത്താണ് മോഡിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കിയത്.
അവധി ദിവസത്തിലാണ് സെൻസറിങും റീ എഡിറ്റിങ്ങും നടന്നത് എന്നതും ശ്രദ്ധേയമാണ്. സിനിമയെച്ചൊല്ലിയുള്ള പ്രതിഷേധവും വ്യാപകപരാതികളും ദേശീയ തലത്തിലടക്കം ഉയർന്നിരുന്നു. ആർഎസ്എസ് മുഖപത്രത്തിലടക്കം മോഹൻലാലിനേയും പൃഥ്വിരാജിനേയും പേരെടുത്ത് വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിർമ്മാതാക്കൾ സിനിമയിലെ ഭാഗങ്ങൾ വെട്ടിമാറ്റാൻ സെൻസർ ബോർഡിനെ സമീപിച്ചത്. തുടർന്ന് കേന്ദ്ര സെൻസർ ബോർഡിന്റെ അടിയന്തര ഇടപെടലിൽ അവധി ദിവസത്തിൽ തന്നെ റീ എഡിറ്റിങ് നടത്തുകയായിരുന്നു.