
‘എമ്പുരാൻ’ സിനിമയുടെ നിർമാതാക്കൾക്ക് സെൻസറിങ്ങുമായി ബന്ധപ്പെട്ട് യാതൊരു സമ്മർദവും ചെലുത്തിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. സിനിമയുടെ താങ്ക്സ് കാർഡിൽ നിന്ന് എന്റെ പേര് ഒഴിവാക്കാൻ ആദ്യം ആവശ്യപ്പെട്ടത് ഞാൻ തന്നെയായിരുന്നു, അത് തന്നെയാണ് സത്യം. ഇത് തെറ്റാണെന്ന് തെളിയിച്ചാൽ ഏത് ശിക്ഷയും സ്വീകരിക്കാൻ തയ്യാറാണെന്ന് സുരേഷ്‌ഗോപി പറഞ്ഞു. ജോൺബ്രിട്ടാസ് എം പി ക്ക് നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ആഞ്ഞടിച്ചത്.
‘സിനിമയുടെ 17 രംഗങ്ങൾ വെട്ടിക്കളഞ്ഞത് നിർമാതാക്കളുടെയും സംവിധായകന്റെയും അഭിനേതാക്കളുടെയും തീരുമാനമായിരുന്നു രാഷ്ട്രീയത്തിന്റെ പേരിൽ എന്ത് സർക്കസാണ് സംസ്ഥാനത്ത് നടക്കുന്നത്. തന്റെ പാർട്ടിയെ അധിക്ഷേപിക്കുകയാണ് ഈ സിനിമയുടെ പേരിൽ കേരളത്തിൽ. ജോൺ ബ്രിട്ടാസിനോട് തനിക്ക് പറയാനുള്ളത് ഇത് മാത്രമാണ്, താങ്കൾക്ക് രാഷ്ട്രീയത്തിന്റെ കൈ മാത്രമല്ല പൊള്ളിയിരിക്കുന്നത് മറ്റ് പലതും പൊള്ളിയിട്ടുണ്ട്. ഇനിയും പൊള്ളും. അതിന്റെ മുറിവ് നിങ്ങൾക്കേൽക്കും. നിങ്ങളുടെ രാഷ്ട്രീയപാർട്ടി 800 ഓളം പേരെയാണ് കൊന്നൊടുക്കിയിട്ടുള്ളത്’ സുരേഷ്‌ഗോപി പറഞ്ഞു.
മുനമ്പത്ത് 600 ഓളം കുടുംബങ്ങളെയാണ് ചതിയിൽപ്പെടുത്തിയിരിക്കുന്നത്. പരിഹാരത്തിനായി രൂപീകരിച്ച കമ്മീഷനെ ഹൈക്കോടതി എടുത്ത് തോട്ടിൽ കളഞ്ഞു.നിങ്ങൾ അവതരിപ്പിച്ച പ്രമേയം അറബിക്കടലിൽ ചവിട്ടി താഴ്ത്തും കേരളത്തിലെ ജനങ്ങൾ. ‘ടി..പി 51’, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഈ രണ്ട് സിനിമയും പ്രദർശിപ്പിക്കാൻ കൈരളി ചാനലിനോ ബ്രിട്ടാസിനോ കൈരളി ചാനലിന്റെ ചെയർമാനും നടനുമായ വ്യക്തിക്കോ കഴിയുമോ? കേരളത്തിന്റെ മുഖ്യമന്ത്രിക്ക് അതിനുള്ള ധൈര്യമുണ്ടോ, സുരേഷ് ഗോപി രാജ്യസഭയിൽ പറഞ്ഞു.