• Sat. Mar 29th, 2025

24×7 Live News

Apdin News

‘എമ്പുരാൻ വലിയ വിജയം കൊണ്ട് വരും, സിനിമ മേഖലയിലെ മുഴുവൻ പ്രശ്നങ്ങളും തീർക്കും എന്ന് പ്രതീക്ഷ’; ഫിയോക്

Byadmin

Mar 26, 2025





മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ എമ്പുരാൻ വലിയ വിജയം കൊണ്ട് വരുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. സിനിമ മേഖലയിലെ മുഴുവൻ പ്രശ്നങ്ങളും എമ്പുരാൻ തീർക്കും എന്നാണ് പ്രതീക്ഷയെന്ന് ഫിയോക് പറഞ്ഞു. എമ്പുരാന്റെ വജയം തിയേറ്റർ ഉടമകൾക്ക് ആശ്വാസം ആകുമെന്നും സംഘടന വ്യക്തമാക്കി.

അതേസമയം ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രമായ മാർക്കോയ്ക്കെതിരായ വിമർശനങ്ങളെ ഫിയോക് തള്ളി. വഴി തെറ്റുന്നവൻ ഏത് സിനിമ കണ്ടാലും വഴി തെറ്റുമെന്നും മാർക്കോ അതിന് ഒരു പ്രചോദനമാകുന്നില്ലെന്നും സംഘടന പ്രതികരിച്ചു. മലയാള സിനിമകളിലെ വയലന്‍റ് രംഗങ്ങളും അവയെ അവതരിപ്പിക്കുന്ന രീതിയും സമൂഹത്തെ തെറ്റായി സ്വാധീനിക്കുന്നുവെന്ന് ചർച്ചകൾക്കിടെയാണ് മാർക്കോ എന്ന ചിത്രത്തിനെതിരെ വിമർശനങ്ങൾ ഉയർന്നതും. ഇതിനെതിരെയാണ് തിയേറ്റർ ഉടമകൾ രം​ഗത്തെത്തിയത്.

കുഞ്ചാക്കോ ബോബന് മറുപടിയുമായാണ് ഇന്ന് ഫിയോ​ക് അം​ഗങ്ങൾ മാധ്യമങ്ങളെ കണ്ടത്. സിനിമകളുടെ കളക്ഷൻ പുറത്തുവിടുന്നതിൽ ആരും അലോസരപ്പെട്ടിട്ട് കാര്യമില്ലെന്നും കുഞ്ചാക്കോ ബോബൻ ഓഫീസർ ഓൺ ഡ്യൂട്ടിയെക്കുറിച്ച് മാത്രം ചിന്തിച്ചാൽ പോരെന്നും ഫിയോക് പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു പ്രൊഡ്യുസേഴ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾക്കെതിരെ കുഞ്ചാക്കോ ബോബന് രംഗത്തെത്തിയത്. 13 കോടി ബജറ്റിലൊരുങ്ങിയ ഓഫീസർ ഓൺ ഡ്യൂട്ടി 11 കോടി വരെ കേരളത്തിലെ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഈ റിപ്പോര്‍ട്ട് കുഞ്ചാക്കോ ബോബന്‍ തള്ളിക്കളയുകയായിരുന്നു.

വിജയിച്ച 10 ശതമാനം സിനിമകളല്ല പരാജയപ്പെട്ട 90 ശതമാനം സിനിമകളുടെ നിര്‍മാതാക്കളുടെ അവസ്ഥ കൂടി കാണണം. പെരുപ്പിച്ച കണക്കുകൾ കാരണം തിയേറ്റർ ഉടമകൾ പ്രതിസന്ധിയിലാണെന്നും കളക്ഷൻ കണക്ക് പുറത്തുവിടേണ്ടെങ്കിൽ ‘അമ്മ’ നിർമ്മാതാക്കളോട് ആവശ്യപ്പെടണമെന്നും ഫിയോക് പറഞ്ഞു.



By admin