• Sat. Aug 2nd, 2025

24×7 Live News

Apdin News

എയര്‍ കാര്‍ഗോ വഴി മയക്കുമരുന്ന് കടത്ത്; പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും പിഴയും

Byadmin

Aug 1, 2025


മനാമ: എയര്‍ മെയില്‍ വഴി 130,000 ത്തിലധികം കാപ്റ്റഗണ്‍ ഗുളികകള്‍ ഇറക്കുമതി ചെയ്ത പ്രവാസിക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ. ഏകദേശം 640,000 ബഹ്‌റൈന്‍ ദിനാര്‍ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ജോര്‍ദന്‍ പൗരനായ 29 കാരനാണ് ശിക്ഷിക്കപ്പെട്ടത്. ഇയാള്‍ക്ക് 3000 ദിനാര്‍ പിഴയും ഹൈ ക്രിമിനല്‍ കോടതി ചുമത്തി.

മയക്കുമരുന്ന് കണ്ടുകെട്ടാനും ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. പ്രതിയുടെ അഭാവത്തിലാണ് വിധി പ്രസ്താവിച്ചത്. പ്രതിയുടെ പേരിലുള്ള ഒരു പാര്‍സലില്‍ ലോഹ, റബര്‍ പൈപ്പുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 50 ബാഗുകളിലായി 22.15 കിലോഗ്രാം വരുന്ന മരുന്ന് ഗുളികകള്‍ കണ്ടെത്തുകയായിരുന്നു.

കേസില്‍ ഒരു വാദം മാത്രമാണ് നടന്നത്. പ്രതിയോ ഇയാളെ പ്രതിനിധീകരിച്ച് അഭിഭാഷകനോ ഹാജരാകാത്തതിനാലാണ് ഒറ്റ ഹിയറിങ്ങില്‍ വിധി പ്രഖ്യാപിച്ചത്. പടിഞ്ഞാറന്‍ റിഫയില്‍ താമസിച്ചിരുന്ന പ്രതി ഗുളികകള്‍ അടങ്ങിയ പാര്‍സല്‍ എത്തുന്നതിന് മുമ്പ് രാജ്യം വിട്ടിരുന്നു. 38 വയസ്സുകാരിയായ തന്റെ സഹോദരിയെയാണ് പാക്കേജ് കൈപ്പറ്റാന്‍ ഇയാള്‍ ചുമതലപ്പെടുത്തിയിരുന്നത്.

സഹോദരിയെ കേസില്‍ ആദ്യം സംശയിച്ച് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് നിരപരാധിയായി കണ്ട് വിട്ടയച്ചു. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം നല്‍കിയ വിവരത്തെ തുടര്‍ന്ന് ആന്റി നാര്‍കോട്ടിക് ഡയറക്ടറേറ്റും കസ്റ്റംസ് അഫയേഴ്സും സംയുക്തമായാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.

വിവരം ലഭിച്ചതിനെ തുടര്‍നന്ന് പാര്‍സല്‍ മാറ്റിവെച്ച് പരിശോധിക്കുകയായിരുന്നെന്ന് ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കി. എക്‌സ്-റേ പരിശോധനയില്‍ ഗുളികകള്‍ കണ്ടെത്തുകയായിരുന്നു. വ്യക്തിപരമായ ലാഭത്തിനായി ബഹ്റൈനില്‍ മയക്കുമരുന്ന് വില്‍ക്കാനും പ്രചരിപ്പിക്കാനും വേണ്ടിയാണ് പ്രതി ഈ മയക്കുമരുന്നുകള്‍ ഇറക്കുമതി ചെയ്യാന്‍ ശ്രമിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

The post എയര്‍ കാര്‍ഗോ വഴി മയക്കുമരുന്ന് കടത്ത്; പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും പിഴയും appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin