Posted By: Nri Malayalee
February 21, 2025

സ്വന്തം ലേഖകൻ: എയർ ഇന്ത്യയും ജർമൻ എയർലൈൻ ഗ്രൂപ്പായ ലുഫ്താൻസയും തമ്മിലുള്ള കോഡ്ഷെയറിങ് സഹകരണം വിപുലപ്പെടുത്തുന്നു. ഇതിന്റെ ഗുണഫലം കൊച്ചി, തിരുവനന്തപുരം അടക്കം രാജ്യത്തെ 15 വിമാനത്താവളങ്ങൾക്ക് ലഭിക്കും. യൂറോപ്പ് കണക്ടിവിറ്റി കൂടുതൽ മെച്ചപ്പെടുമെന്നതാണ് നേട്ടം.
നേരിട്ട് സർവീസ് നടത്താൻ സാധിക്കാത്ത വിമാനത്താവളങ്ങളിലേക്കു ഒന്നിലേറെ വിമാനക്കമ്പനികൾ സഹകരിച്ചു ടിക്കറ്റ് ലഭ്യമാക്കുന്ന സംവിധാനമാണ് കോഡ് ഷെയറിങ്. ലുഫ്താൻസ ഗ്രൂപ്പിനു കീഴിലുള്ള 3 കമ്പനികളുമായിട്ടാണ് (ലുഫ്താൻസ എയർലൈൻസ്, ഓസ്ട്രിയൻ എയർലൈൻസ്, സ്വിസ് ഇന്റർനാഷനൽ എയർലൈൻസ്) എയർ ഇന്ത്യയ്ക്ക് പങ്കാളിത്തം.
ലുഫ്താൻസ ഗ്രൂപ്പുമായുള്ള സഹകരണം വഴി 60 പുതിയ കോഡ് ഷെയറിങ് റൂട്ടുകളാണ് യാഥാർഥ്യമാകുന്നത്. ഉദാഹരണത്തിന് തിരുവനന്തപുരം കോഡ് ഷെയറിങ്ങിൽ ഉള്ളതിനാൽ എയർ ഇന്ത്യയിൽ ടിക്കറ്റ് എടുക്കുന്ന വ്യക്തിക്ക് എയർ ഇന്ത്യയ്ക്ക് നേരിട്ട് സർവീസ് ഇല്ലാത്ത ഡബ്ലിൻ അടക്കം 26 യൂറോപ്യൻ നഗരങ്ങളിലേക്ക് ഒറ്റടിക്കറ്റിൽ സഞ്ചരിക്കാം. ലുഫ്താൻസയിൽ ടിക്കറ്റ് എടുക്കുന്നയാൾക്ക് എയർ ഇന്ത്യ വഴി തിരുവനന്തപുരത്തുമെത്താം.