• Thu. Jan 15th, 2026

24×7 Live News

Apdin News

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

Byadmin

Jan 15, 2026


കോട്ടയം: മുന്നണി മാറ്റത്തില്‍ നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസിന് ഒറ്റ നിലപാടാണുള്ളതെന്നും ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുക എന്നതാണ് ആ നിലപാടെന്നും ജോസ് കെ മാണി വ്യക്തമാക്കി. എല്ലാ ദിവസവും നിലപാട് വിശദീകരിക്കേണ്ട ആവശ്യം തനിക്കില്ലെന്നും തങ്ങളെ ഓര്‍ത്ത് ആരും കരയേണ്ടതില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോടായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.

തിരുവനന്തപുരത്ത് ഇടതുപക്ഷത്തിന്റെ സത്യാഗ്രഹം നടന്ന സമയത്ത് താന്‍ ദുബായിലായിരുന്നു. പിതാവിന്റെയും തന്റെയും സുഹൃത്തായ ആള്‍ അവിടെ ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ കഴിയുകയാണ്. അദ്ദേഹത്തെ കാണാന്‍ കുടുംബത്തോടൊപ്പം പോയതായിരുന്നു താന്‍. അത് ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും അറിയിച്ചതാണ്. കേരള കോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. താന്‍ എവിടെയെങ്കിലും പോകുകയാണെങ്കില്‍ അത് എല്ലായ്‌പ്പോഴും മാധ്യമങ്ങളെ അറിയിക്കുക സാധ്യമല്ലെന്നും ജോസ് കെ മാണി വിമര്‍ശിച്ചു.

കേരള കോണ്‍ഗ്രസ് ഏതെങ്കിലും മുന്നണിയിലേക്ക് വരണമെന്ന് യുഡിഎഫ് അടക്കം ആവശ്യപ്പെട്ടാല്‍ തങ്ങളെ എന്തിന് കുറ്റപ്പെടുത്തണമെന്ന് ജോസ് കെ മാണി ചോദിച്ചു. കേരള കോണ്‍ഗ്രസ് എവിടെയുണ്ടോ അവിടെ ഭരണം ഉറപ്പാണ്. അത് അറിഞ്ഞുകൊണ്ടാണ് മറ്റ് മുന്നണികള്‍ അവരുടെ ആവശ്യം ഉന്നയിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ പലതരത്തിലുള്ള അഭിപ്രായമുണ്ടാകാം. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയിലാണ് ഇല്ലാത്തതെന്ന് ജോസ് കെ മാണി ചോദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം അനുസരിച്ച് പല അഭിപ്രായങ്ങള്‍ ഉയരുന്നത് സ്വാഭാവികമാണ്. അവയെ ക്രോഡീകരിച്ച് പാര്‍ട്ടി ഒരു തീരുമാനത്തില്‍ എത്തുകയാണ് ചെയ്യുന്നത്. പാര്‍ട്ടി ഒരു തീരുമാനം എടുത്താല്‍ അഞ്ച് എംഎല്‍എമാരും അതിനൊപ്പം നില്‍ക്കും. അക്കാര്യത്തില്‍ സംശയം വേണ്ടെന്നും ജോസ് കെ മാണി വ്യക്തമാക്കി.

എല്‍ഡിഎഫിനകത്ത് ഇരിക്കുമ്പോള്‍ അവര്‍ ചെയ്യുന്നത് എല്ലാം നല്ലതാണെന്ന് ഘടകക്ഷികള്‍ക്ക് പറഞ്ഞുപോകാന്‍ കഴിയുമോ എന്ന് ജോസ് കെ മാണി ചോദിച്ചു. യുഡിഎഫിന്റെ കാര്യവും സമാനമാണ്. അതില്‍ ഒരു ഹെല്‍ത്തി ഡിസ്‌കഷന്‍ നടക്കണം. അതില്‍ എന്താണ് പ്രശ്‌നം. പാര്‍ട്ടിക്കുള്ളില്‍ പല ചര്‍ച്ചകളും നടക്കും. അതില്‍ മുന്നണി മാറ്റം മാത്രമല്ലയുള്ളതെന്നും ജോസ് കെ മാണി പറഞ്ഞു.

By admin