
പ്രശസ്ത പത്രപ്രവർത്തകൻ എൻ രാമചന്ദ്രൻ്റെ സ്മരണാർത്ഥം എൻ രാമചന്ദ്രൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രാമചന്ദ്രൻ സ്മാരക പുരസ്കാരം അഭിനേത്രിയും ആക്ടിവിസ്റ്റുമായ ഷബാന ആസ്മിക്ക്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് ഫെബ്രുവരി 26 ന് തിരുവനന്തപുരത്ത് രാമചന്ദ്രൻ അനുസ്മരണ സമ്മേളനത്തിൽ സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ പ്രസിഡൻ്റ് പ്രഭാവർമ്മയും സെക്രട്ടറി പി പി ജയിംസും അറിയിച്ചു.
ട്രിവാൻഡ്രം ക്ലബ്ബിലെ പി.സുബ്രഹ്മണ്യം ഹാളിൽ 26 ന് വൈകുന്നേരം നാലുമണിക്ക് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ശശി തരൂർ എം പിയാണ് അവാർഡ് സമ്മാനിക്കുന്നത്. പ്രഭാവർമ്മ അദ്ധ്യക്ഷനായിരിക്കും. മുൻ ചീഫ് സെക്രട്ടറിയും പ്രമുഖ കവിയുമായ കെ. ജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തും. മുഖ്യപ്രഭാഷണം വിഖ്യാത ചലച്ചിത്രകാരൻ ഷാജി എൻ കരുൺ നിർവഹിക്കും.കേരളകൗമുദി പത്രാധിപർ ദീപു രവി, മാനേജിംഗ് ഡയറക്ടർ അഞ്‌ജു ശ്രിനിവാസൻ, പി പി ജയിംസ്, മുൻ മന്ത്രി ബാബു ദിവാകരൻ എന്നിവർ ചടങ്ങിൽ സംസാരിക്കും.