• Fri. Jan 24th, 2025

24×7 Live News

Apdin News

എ ഐ ഉള്‍പ്പെടെ സാങ്കേതിക മേഖലകളില്‍ വീസാ നടപടികള്‍ ലളിതമാക്കാന്‍ യുകെ; ഇന്ത്യക്കാര്‍ക്ക് സുവർണാവസരം – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Jan 23, 2025


Posted By: Nri Malayalee
January 23, 2025

സ്വന്തം ലേഖകൻ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ധര്‍ക്കുള്ള വീസ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന് യുകെ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെയും വ്യവസായത്തെയും ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഈ വര്‍ഷം പുറത്തിറക്കിയ എ ഐ ഓപ്പറേറ്റിംഗ് പ്ലാനിലാണ് ഇന്ത്യയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ക്ക് അവസരം ഒരുക്കുന്ന വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്. ആഗോളതലത്തില്‍ എ ഐ മേഖലയില്‍ ജോലി ചെയ്യുന്ന മികച്ച ടെക്നോളജി വിദഗ്ധരെ യുകെയില്‍ കൊണ്ടുവരുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്.

ടെക് സംരംഭകനായ മാറ്റ് ക്ലിഫോര്‍ഡ് ആണ് സര്‍ക്കാരിനു വേണ്ടി പുതിയ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. സ്റ്റാര്‍ട്ടപ്പുകളെയും വിദേശ പ്രതിഭകളെയും യുകെയിലേക്ക് താമസം മാറ്റാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി വീസ ചെലവ് കുറയ്ക്കാനും നടപടിക്രമങ്ങള്‍ ലളിതമാക്കാനും ക്ലിഫോര്‍ഡ് ആവശ്യപ്പെട്ടു. കഴിഞ്ഞവര്‍ഷം കുടിയേറ്റം കുറയ്ക്കുന്നതിനായി വീസ നിയമങ്ങള്‍ കര്‍ശനമാക്കിയത് പല മേഖലകളെയും പ്രതികൂലമായി ബാധിച്ചതായും ആണ് വിലയിരുത്തപ്പെടുന്നത്.

യുകെയില്‍ ജോലി ചെയ്യുന്നതിനുള്ള വിദഗ്ധ തൊഴിലാളികളുടെ ശമ്പള പരിധി 38, 700 പൗണ്ട് ആയി ഉയര്‍ത്തിയിരുന്നു. ഇത് കൂടാതെ ആശ്രിത വീസയില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കിയിരുന്നു. ഇതിന്റെ ഫലമായി 2024 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള വീസ അപേക്ഷകള്‍ 2023 ലെ ഇതേ കാലയളവില്‍ 942,500 ല്‍ നിന്ന് 547,000 ആയി കുറഞ്ഞുവെന്നാണ് യുകെ ഹോം ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നത്.

കൂടുതല്‍ വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി വീസ നിയമങ്ങളുടെ അവലോകനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഈ വര്‍ഷാവസാനം ഒരു ഇമിഗ്രേഷന്‍ ധവളപത്രം പുറപ്പെടുവിക്കുമെന്ന് കഴിഞ്ഞദിവസം ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പ്രഖ്യാപിച്ചത് ഇതിന് തുടര്‍ച്ചയായാണ്. ഏറ്റവും ഉയര്‍ന്ന വൈദഗ്ധ്യമുള്ള ആളുകള്‍ രാജ്യത്തെത്താനുള്ള ,പ്രത്യേകിച്ച് AI ,ലൈഫ് സയന്‍സസ് മേഖലകളിലെ വീസകള്‍ നല്‍കാനുള്ള നടപടിക്രമങ്ങള്‍ ഞങ്ങള്‍ വീണ്ടും പരിശോധിക്കും എന്ന് ഡാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കവേ ചാന്‍സലര്‍ പറഞ്ഞു.

ഹോം ഓഫീസിന്റെ സ്കില്‍ഡ് വീസ സമ്പ്രദായ പ്രകാരം ബിസിനസുകള്‍ക്ക് വിദേശത്ത് നിന്ന് ജീവനക്കാരെ നിയമിക്കാന്‍ ഇതിനകം തന്നെ കഴിയും. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ പ്രധാന അപേക്ഷകരില്‍ നിന്ന് സ്കില്‍ഡ് വര്‍ക്കര്‍ വീസയ്ക്കായി 50,900 അപേക്ഷകള്‍ ലഭിച്ചിരുന്നുവെന്നാണ് ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്.

By admin