• Sat. Feb 1st, 2025

24×7 Live News

Apdin News

ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന വനിത; വീണ്ടും ചരിത്രം കുറിച്ച് സുനിത – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Feb 1, 2025


Posted By: Nri Malayalee
January 31, 2025

സ്വന്തം ലേഖകൻ: ബഹിരാകാശത്ത് വീണ്ടും ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോര്‍ഡാണ് സുനിത ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിനുണ്ടായ സാങ്കേതികത്തകരാര്‍ കാരണം എട്ടുമാസത്തോളമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കഴിയുന്ന നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിതാ വില്യംസും ബുച്ച് വില്‍മോറും ഒരുമിച്ച് ആദ്യമായി ബഹിരാകാശത്ത് നടന്നിരുന്നു. ഇതോടെയാണ് പുതിയ റെക്കോര്‍ഡ് നേടിയത്.

അഞ്ച് മണിക്കൂര്‍ 26 മിനിറ്റാണ് സുനിത കഴിഞ്ഞദിവസം ബഹിരാകാശത്ത് നടന്നത്. ഇതോടെ ആകെ നടത്തം 62 മണിക്കൂര്‍ ആറുമിനിറ്റായി. 2017-ല്‍ നാസയുടെ തന്നെ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സന്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് സുനിത വില്യംസ് മറികടന്നത്. 60 മണിക്കൂര്‍ 21 മിനിറ്റായിരുന്നു പെഗ്ഗി വിറ്റ്‌സണിന്റെ റെക്കോര്‍ഡ് സമയം. തന്റെ 19-ാം ബഹിരാകാശ നടത്തത്തിലാണ് സുനിത നേട്ടം സ്വന്തമാക്കിയത്.

നിലയത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്താനായിരുന്നു നടത്തം. ബഹിരാകാശ നിലയത്തിലെത്തിയശേഷം ആദ്യമായാണ് വില്‍മോര്‍ പുറത്തിറങ്ങുന്നത്. നിലയത്തിന്റെ കമാന്‍ഡര്‍ കൂടിയായ സുനിത രണ്ടാഴ്ചമുന്‍പ് മറ്റൊരു ബഹിരാകാശ സഞ്ചാരിക്കൊപ്പം ബഹിരാകാശത്ത് നടന്നിരുന്നു. 2024 ജൂണില്‍ പത്തുദിവസത്തെ ദൗത്യത്തിനായാണ് ഇരുവരും ബഹിരാകാശ നിലയത്തിലെത്തിയത്. ഇവരെ എത്രയുംവേഗം തിരികെയെത്തിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സ്‌പെയ്സ് എക്‌സ് സി.ഇ.ഒ. ഇലോണ്‍ മസ്‌കും പറഞ്ഞിട്ടുണ്ട്.

By admin