
ടിയാൻജിൻ: ഏഴുവർഷത്തിനു ശേഷം ചൈനീസ് മണ്ണിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിക്കായി ശനിയാഴ്ചയാണ് മോദി ചൈനയിലെ ടിയാൻജിനിലെത്തിയത്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായും മോദി ചർച്ച നടത്തും. യുഎസിന്റെ തീരുവ ഭീഷണിക്കിടെ ഇന്ത്യ–ചൈന–റഷ്യ സഖ്യം ശക്തമാകുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ഉച്ചകോടി. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ഉച്ചകോടിക്കെത്തുന്നുണ്ട്. 2017 മുതൽ ഇന്ത്യ എസ്‌സിഒയിൽ അംഗമാണ്.
ഞായറാഴ്ചയാണ് ഉച്ചകോടി ആരംഭിക്കുക. സ്വാഗത വിരുന്നിൽ മോദി പങ്കെടുക്കും. പ്രധാന നേതാക്കളുടെ ഉച്ചകോടി തിങ്കളാഴ്ച നടക്കും. പഹൽഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷൻ സിന്ദൂറിന്റെയും പശ്ചാത്തലത്തിൽ അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നിലപാട്, ഉച്ചകോടി വേദിയിൽ മോദി ആവർത്തിക്കുമെന്നാണ് കരുതുന്നത്. ഇതുകൂടാതെ ഷി ചിൻപിങ്, വ്ലാഡിമിർ പുട്ടിൻ എന്നിവരുമായി മോദി ഉഭയകക്ഷി ചർച്ച നടത്തും. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനുള്ള പിഴയായി യുഎസ് ഇന്ത്യയ്ക്ക് 25 ശതമാനം അധിക തീരുവ ചുമത്തിയ സാഹചര്യത്തിൽ പുട്ടിനുമായുള്ള കൂടിക്കാഴ്ച നിർണായകമാണ്.
ഉച്ചകോടിയുടെ ഭാഗമായി ഏതാനും ഉഭയകക്ഷി കൂടിക്കാഴ്ചകളും ഉണ്ടാകും. കൂടിക്കാഴ്ചകൾ അന്തിമമായി തീരുമാനിച്ചുകൊണ്ടിരിക്കുകയാണ്. വിവരങ്ങൾ പിന്നീട് അറിയിക്കും’–വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.