ന്യൂഡൽഹി: ഏറ്റവും സന്തോഷമുള്ള ഏഷ്യൻ നഗരമെന്ന വിശേഷണം സ്വന്തമാക്കി മുംബൈ. ടൈം ഔട്ടിന്‍റെ ഹാപ്പിയസ്റ്റ് സിറ്റി ഇൻ ഏഷ്യ 2025 എന്ന പുതിയ സർവേയിലാണ് മുംബൈ ഏറ്റവും സന്തോഷമേറിയ ഏഷ്യൻ നഗരങ്ങളുടെ കൂട്ടത്തിൽ ഒന്നാമതെത്തിയത്. 18000 പേരാണ് വാർഷിക സർവേയിൽ പങ്കെടുത്തത്. സാംസ്കാരിക പാരമ്പര്യം, ഭക്ഷണം, രാത്രിജീവിതം, ജീവിതനിലവാരം തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്.
സർവേയിൽ പങ്കെടുത്ത 94 ശതമാനം മുംബൈ സ്വദേശികളും നഗരജീവിതം തങ്ങൾക്ക് സന്തോഷം നൽകുന്നതായി വെളിപ്പെടുത്തി. മറ്റെവിടെ ജീവിക്കുന്നതിനേക്കാൾ സന്തോഷം മുംബൈയിലുണ്ടെന്ന് 89 ശതമാനം പേരും നഗരത്തിലുള്ളവരെല്ലാം സന്തുഷ്ടരാണെന്ന് 88 ശതമാനം പേരും അടുത്തിടെയായി നഗരത്തിലെ സന്തോഷം വർധിച്ചതായി 87 ശതമാനം പേരും അഭിപ്രായപ്പെട്ടു.
ഊർജസ്വലമായ സാമൂഹിക ജീവിതം, സിനിമാ മേഖലയുടെ ഉയർച്ച, ജോലി സാധ്യതകൾ, രുചികരമായ ഭക്ഷണം എന്നിവയെല്ലാം മുംബൈയുടെ മികച്ച ഗുണങ്ങളാണെന്ന് വിദഗ്ധർ പറയുന്നു.
ബീജിങ്ങും ഷാങ്ഹായുമാണ് പട്ടികയിൽ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും സ്വന്തമാക്കിയിരിക്കുന്നത്. തായ്‌ലൻഡിലെ ചിയാങ് മൈ, വിയറ്റ്നാമിലെ ഹനോയ് എന്നിവരും ആദ്യ അഞ്ച് സ്ഥാനങ്ങളിലുണ്ട്.