• Sun. Sep 14th, 2025

24×7 Live News

Apdin News

ഐസിആര്‍എഫ് വാര്‍ഷിക വേനല്‍ക്കാല അവബോധ കാമ്പയിന്‍ സമാപിച്ചു

Byadmin

Sep 14, 2025


മനാമ: ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ അസോസിയേഷന്‍ (ഐസിആര്‍എഫ്) ബഹ്റൈനിന്റെ തേര്‍സ്റ്റ്-ക്വഞ്ചേഴ്സ് 2025 ടീം വാര്‍ഷിക വേനല്‍ക്കാല അവബോധ കാമ്പയിന്‍ സമാപിച്ചു. ബഹ്റൈനിലെ ചൂടുള്ള മൂന്ന് മാസങ്ങളില്‍ ആരോഗ്യകരവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ സംരംഭവുമായി യോജിച്ച്, റഫയിലെ നാസ് കോണ്‍ട്രാക്റ്റിംഗ് പ്രോജക്ടിന്റെ വര്‍ക്ക്സൈറ്റില്‍ കുപ്പിവെള്ളം, ജ്യൂസുകള്‍, ലബാന്‍, ഓറഞ്ച്, ആപ്പിള്‍, വാഴപ്പഴം, പാല്‍, കസ്റ്റാര്‍ഡ് തുടങ്ങിയവ വിതരണം ചെയ്തു.

കഴിഞ്ഞ ദിവസം നടന്ന 13-ാം ആഴ്ചയിലെ പരിപാടിയില്‍ 450 ലധികം തൊഴിലാളികള്‍ പങ്കെടുത്തു. ഈ വര്‍ഷം ആഭ്യന്തര മന്ത്രാലയം, തൊഴില്‍ മന്ത്രാലയം, എല്‍എംആര്‍എ, ഐഒഎം എന്നിവരുടെ സഹകരണത്തോടെയാണ് പ്രചാരണ പരിപാടി നടന്നത്. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും നെദാല്‍ അബ്ദുള്ള അല്‍ അലവൈ, തൊഴില്‍ മന്ത്രാലയത്തില്‍ നിന്നും റെസിഡന്‍സ് ഇന്‍സ്‌പെക്ഷന്‍ വര്‍ക്കേഴ്സ് ഹെഡ് എഞ്ചിനീയര്‍ ഹുസൈന്‍ അല്‍ ഹുസൈനി എന്നിവര്‍ പങ്കെടുത്തു.

ഓരോ മന്ത്രാലയങ്ങളും തൊഴിലാളികള്‍ക്ക് നല്‍കുന്ന പിന്തുണയെക്കുറിച്ച് അവര്‍ സംസാരിച്ചു. ഐസിആര്‍എഫ് ചെയര്‍മാന്‍ അഡ്വ. വികെ തോമസ് വേനല്‍ക്കാലത്ത് സ്വീകരിക്കേണ്ട ആരോഗ്യ-സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ച് സംസാരിച്ചു. ഐസിആര്‍എഫ് തേര്‍സ്റ്റ് ക്വെഞ്ചേഴ്സ് ടീം വേനല്‍ക്കാല അവബോധ കാമ്പയിന്‍ നടത്തുന്ന വിജയകരമായ പത്താം വര്‍ഷമാണിത്. 2016 ല്‍ തുടങ്ങിയ പരിപാടി എല്ലാ വര്‍ഷവും വേനല്‍ക്കാലത്ത് ആഴ്ചതോറുമാണ് സംഘടിപ്പിക്കുന്നത്.

ചൂടില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത് നിര്‍മാണ തൊഴിലാളികള്‍ ആയതിനാല്‍ ബഹ്റൈനിലെ വിവിധ ജോലിസ്ഥലങ്ങളില്‍ പൊതു അവബോധം സൃഷ്ടിക്കുന്നതിനായി കുപ്പിവെള്ളം, പഴങ്ങള്‍, ജ്യൂസുകള്‍ എന്നിവ വിതരണം ചെയ്യും. കഴിഞ്ഞ 9 വര്‍ഷത്തിനിടെ 21,200 ല്‍ അധികം തൊഴിലാളികളിലേക്ക് ഈ സേവനം എത്തി. ഈ വര്‍ഷം തൊഴില്‍ മന്ത്രാലയം വേനല്‍ക്കാല ജോലി നിരോധനം മൂന്ന് മാസത്തേക്ക് നീട്ടിയതിനാല്‍, 13 വാരാന്ത്യ പരിപാടികള്‍ നടത്തുകയും 5,250 ല്‍ അധികം തൊഴിലാളികളിലേക്ക് എത്തിച്ചേരുകയും ചെയ്തു.

വൈസ് ചെയര്‍മാന്‍ പങ്കജ് നല്ലൂര്‍, ജനറല്‍ സെക്രട്ടറി അനീഷ് ശ്രീധരന്‍, ട്രഷറര്‍ ഉദയ് ഷാന്‍ബാഗ്, ജോയിന്റ് സെക്രട്ടറിമാരായ സുരേഷ് ബാബു, ജവാദ് പാഷ, തേര്‍സ്റ്റ് ക്വെഞ്ചേഴ്സ് 2025 കോര്‍ഡിനേറ്റര്‍മാരായ ഫൈസല്‍ മടപ്പള്ളി, ശിവകുമാര്‍, ഐസിആര്‍എഫ് അംഗങ്ങളായ അരുള്‍ദാസ് തോമസ്, രാകേഷ് ശര്‍മ്മ, സിറാജ്, മുരളീകൃഷ്ണന്‍, അല്‍തിയ ഡിസൂസ, കല്‍പ്പന പാട്ടീല്‍, ദീപ്ഷിക, അനു ജോസ്, സാന്ദ്ര പാലണ്ണ, ശ്യാമള, ബോഹ്റ സമൂഹത്തില്‍ നിന്നുള്ള കുതുബ് വക്കീല്‍, യൂസിഫ്, നാസ് കോണ്‍ട്രാക്റ്റിംഗിന്റെ ഓപ്പറേഷന്‍സ് മാനേജര്‍ മുഹമ്മദ് എല്‍ഗൗള്‍, പ്രോജക്ട് സേഫ്റ്റി ലീഡ് അലി അബ്ദുള്ള അബ്ദുള്ള അഹമ്മദ് യൂസിഫ് അല്‍തയ്യാര്‍, എച്ച്എസ്എസ്ഇ മാനേജര്‍ ഇസ ഹസ്സന്‍, സന്നദ്ധപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ വിതരണത്തില്‍ പങ്കുചേര്‍ന്നു.

സമാപന പരിപാടിയെ അല്‍മറൈ, ബിയോണ്‍ മണി, ബോഹ്റ കമ്മ്യൂണിറ്റി, മറ്റ് അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ പിന്തുണച്ചു.

 

 

By admin