• Tue. Nov 4th, 2025

24×7 Live News

Apdin News

ഐസിസി വനിത ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് പാരിതോഷികം; 51 കോടി രൂപ നൽകുമെന്ന് ബിസിസിഐ

Byadmin

Nov 3, 2025


ഐസിസി വനിത ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 51 കോടി രൂപ സമ്മാനമായി നൽകുമെന്ന് ബിസിസിഐ. ടൂർണമെന്റ് ജേതാക്കളയതിൽ ഐസിസി യിൽ നിന്ന് പ്രൈസ് മണിയായി 39.78 കോടി രൂപയും ടീമിന് ലഭിച്ചിരുന്നു.

ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കന്നി ലോകകപ്പ് കീരീടം നേടിയത്. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറില്‍ 246 റണ്‍സിന് എല്ലാവരും പുറത്തായി. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ (98 പന്തില്‍ 101) സെഞ്ചുറിക്കും ദക്ഷിണാഫ്രിക്കയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

അഞ്ച് വിക്കറ്റ് നേടിയ ദീപ്തി ശര്‍മയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ ഷെഫാലി വര്‍മ (87), ദീപ്തി ശര്‍മ (58), സ്മൃതി മന്ദാന (45), റിച്ചാ ഘോഷ് (34) എന്നിവരുടെ ഇന്നിംഗ്സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഏഴ് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അയബോംഗ ഖാക മൂന്ന് വിക്കറ്റ് വീഴ്ത്തി.

കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് കിരീടം നേടിയ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പുരുഷ ടീമിന് ബിസിസിഐ 125 കോടി രൂപയാണ് പാരിതോഷികമായി നല്‍കിയത്. പുരുഷ-വനിതാ ടീമുകള്‍ക്ക് തുല്യവേതനം നല്‍കുന്ന കാര്യത്തില്‍ ബിസിസിഐക്ക് അനുകൂല നിലപാടാണുള്ളത്.

എന്നാല്‍ ലോകകപ്പ് കിരീടം നേടുന്നതിന് മുമ്പ് പാരിതോഷികം പ്രഖ്യാപിക്കുന്നത് അനുചിതമാകും എന്നതിനാലാണ് പാരിതോഷികത്തിന്‍റെ കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് എന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സമ്മാനത്തുക എന്തായാലും പുരുഷ ടീമിന് നല്‍കിയതില്‍ നിന്ന് ഒട്ടും കുറയില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

2017ലെ വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് വിജയത്തിന് അടുത്തെത്തി 9 റണ്‍സ് തോല്‍വി വഴങ്ങിയെങ്കിലും ടീം അംഗങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ബിസിസിഐ 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എട്ട് വര്‍ഷത്തിനുശേഷം ലോകകപ്പിലെ ആദ്യ കിരീടത്തില്‍ മുത്തമിട്ടാല്‍ അതിന്‍റെ പത്തിരട്ടിയിലേറെയാണ് താരങ്ങള്‍ക്ക് സ്വന്തമാവുക.

ഇന്ത്യയുടെ മൂന്നാമത്തെ ഏകദിന ലോകകപ്പ് ഫൈനലാണിത്. 2005ലും 2017ലുമാണ് ഇന്ത്യ ഇതിന് മുമ്പ് വനിതാ ഏകദിന ലോകകപ്പില്‍ ഫൈനല്‍ കളിച്ചത്. ദക്ഷിണാഫ്രിക്കയുടെ ആദ്യ ലോകകപ്പ് ഫൈനലാണിത്. 2005ല്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്ട്രേലിയ കിരീടം നേടിയപ്പോള്‍ 2017ല്‍ ഇംഗ്ലണ്ടാണ് ഇന്ത്യയെ കണ്ണീരുകുടിപ്പിച്ചത്.

By admin