Posted By: Nri Malayalee
December 31, 2021

സ്വന്തം ലേഖകൻ: ഒമാനിലെ തെക്കൻ ബാത്തിന ഗവർണറേറ്റിൽ വിദേശികൾക്ക് കോവിഡിനെതിരെയുള്ള ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസ് അറിയിച്ചു. ജനുവരി രണ്ടുമുതൽ ആറുവരെ റുസ്താഖ് വിലായത്തിലെ സ്പോർട്സ് കോംപ്ലക്സിലായിരിക്കും വാക്സിൻ നൽകുക. സമയം രാവിലെ എട്ടു മുതൽ ഉച്ചക്ക് 1.30 വരെ.
ഒന്നും രണ്ടും ഡോസ് എടുക്കാത്തവർക്കും ഇവിടുന്ന് വാക്സിൻ സ്വീകരിക്കാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം വെബ്സൈറ്റ് വഴിയോ തറാസൂദിലൂടെയോ മുൻകുട്ടി ബുക്ക് ചെയ്യണം. അതേസമയം, രാജ്യത്തെ മറ്റ് കേന്ദ്രങ്ങളിൽ എവിടെയും വിദേശികൾക്ക് ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങിയിട്ടില്ല. ആവശ്യക്കാർക്ക് വേണമെങ്കിൽ സ്വകാര്യ ആശുപത്രികളിൽ നിന്നെടുക്കാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കോവിഡ് കേസുകൾ വർധിക്കുകയും ഒമിക്രോൺ റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ 18 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങിയിട്ടുണ്ട്.
ലഭ്യമായ കണക്കുപ്രകാരം രാജ്യത്ത് ആകെ 95,277 പേരാണ് മൂന്നാമത് ഡോസ് വാക്സിനെടുത്തത്. വിദേശികളില്‍ 90 ശതമാനവും ആദ്യ ഡോസ് വാക്സിനെടുത്തു. 83 ശതമാനം രണ്ടു ഡോസ് വാക്സിനേഷനും പൂര്‍ത്തീകരിച്ചവരാണ്. സ്വദേശികളും വിദേശികളുമായി 2,30,000 പേര് ഇനിയും വാക്സിന് സ്വീകരിക്കാത്തവരായുണ്ട്. പുതിയ വകഭേദങ്ങളെ നേരിടാൻ ബൂസ്റ്റർ ഡോസ് എടുക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ മേഖലയിലുള്ളവർ പറയുന്നു.