• Fri. Dec 27th, 2024

24×7 Live News

Apdin News

ഒമാനിൽ ഓൺലൈൻ ടാക്‌സി കൾ സജീവം; വാടക കുത്തനെ കുറഞ്ഞു; എയർപോർട്ട് ടാക്‌സി വാടകയും കുറയും – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Dec 27, 2024


Posted By: Nri Malayalee
December 26, 2024

സ്വന്തം ലേഖകൻ: രാജ്യത്ത് ടാക്‌സി ഗതാഗതം ഡിജിറ്റലായതോടെ ടാക്‌സി വാടകയിൽ വലിയ കുറവ് വന്നതായി റിപ്പോർട്ട്. നേരത്തേ ഉണ്ടായിരുന്ന സ്ട്രീറ്റ് ടാക്‌സി സമ്പ്രദായത്തിന് പകരം മൊബൈൽ ആപ്പ് അധിഷ്ഠിത ക്യാബ് ബുക്കിങ് സംവിധാനം നിലവിൽ വന്നതോടെയാണ് ഈ മാറ്റം. തുടക്കത്തിൽ വാഹന ഉടമകൾക്ക് റൈഡ് ഹെയിലിങ് ആപ്പുകളോട് താൽപര്യമില്ലായിരുന്നു എങ്കിലും ജനങ്ങൾ ഇതിലേക്ക് വലിയ തോതിൽ ആകൃഷ്ടരായതോടെ കൂടുതൽ വാഹന ഉടമകൾ ഈ മേഖലയിലേക്ക് കടന്നുവന്നതായും ഗതാഗത മന്ത്രാലയം അധികൃതർ അറിയിച്ചു.

ഗതാഗത മന്ത്രാലയത്തിന്റെയും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെയും ശ്രമഫലമായാണ് ടാക്‌സി മേഖലയിൽ ഈ മാറ്റം സാധ്യമായത്. അടുത്ത കാലം വരെ തെരുവുകളിൽനിന്ന് ആളുകൾ നേരിട്ട് ടാക്‌സികളെ സമീപിക്കുന്ന സ്ട്രീറ്റ് ടാക്സികളായിരുന്നു യാത്രക്കാരുടെ ഏക ആശ്രയം. എന്നാൽ മന്ത്രാലയം മുൻ കൈയെടുത്ത് ആപ്പ് അധിഷ്ഠിത ക്യാബ് ബുക്കിങ് സംവിധാനം ഏർപ്പെടുത്തിയതോടെ വലിയ മാറ്റങ്ങൾ ഈ മേഖലയിൽ വരികയായിരുന്നു.

തുടക്കത്തിൽ, നിശ്ചിത നിരക്കുകളോടെ കമ്മീഷൻ അടിസ്ഥാനത്തിൽ തങ്ങളോടൊപ്പം പ്രവർത്തിക്കാൻ ടാക്‌സി ഓപ്പറേറ്റർമാർക്ക് താൽപര്യമില്ലായിരുന്നുവെന്ന് റൈഡ് ഹെയിലിങ് സർവീസ് സ്ഥാപന ഉടമകൾ പറയുന്നു. എന്നാൽ ഇന്ന് നൂറുകണക്കിന് ഡ്രൈവർമാർ ഇത്തരം വിവിധ കമ്പനികൾക്ക് കീഴിൽ ജോലിചെയ്യുന്നു. ഉപഭോക്താക്കൾ ഈ സംവിധാനത്തെ സ്വീകരിച്ചു എന്നതാണ് വാഹന ഉടമകളെ പുതിയ സംവിധാനത്തിലേക്ക് മാറാൻ പ്രേരിപ്പിച്ചതെന്നും അവർ പറയുന്നു.

യാത്രാക്കൂലിയുമായി ബന്ധപ്പെട്ട് ഡ്രൈവർമാരുമായി വിലപേശുകയോ തർക്കിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല എന്നതാണ് പുതിയ സംവിധാനത്തിന്റെ വലിയ പ്രത്യേകതയായി ജനങ്ങൾ കാണുന്നത്. ആപ്പ് ബുക്കിങ് സംവിധാനം നിലവിൽ വന്നതോടെ ടാക്‌സികൾക്കായുള്ള കാത്തിരിപ്പ് സമയത്തിലും ഗണ്യമായി കുറവുണ്ടായി.

ടാക്‌സി വിളിക്കുന്ന ലൊക്കേഷനും സമയവും അനുസരിച്ച് ടാക്‌സി കിട്ടാൻ ശരാശരി 10 മുതൽ 15 മിനിറ്റ് വരെ സമയം കാത്തു നിൽക്കേണ്ടി വന്നിരുന്ന സ്ഥാനത്ത് ഇന്ന് അഞ്ചുമുതൽ ഏഴ് മിനിറ്റുകൾക്കിടയിൽ ടാക്‌സി ലഭിക്കുന്ന സ്ഥിതി വന്നു. ഇതോടൊപ്പം ഓൺലൈനായി പണം അടയ്ക്കാനുള്ള സംവിധാനം വന്നതും യാത്രക്കാർക്ക് ഏറെ സഹായകമായി. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴിയും ടാക്‌സി വാടക നൽകാമെന്ന സ്ഥിതി വന്നു.

ഇവയ്‌ക്കെല്ലാം പുറമെ, പുതിയ ആപ്പ് ബുക്കിങ് സംവിധാനം നിലവിൽ വന്നതോടെ ടാക്‌സി വാടകയിലും വലിയ കുറവുണ്ടായി. നിലവിൽ അര ഡസനിലധികം കമ്പനികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ടാക്‌സി കമ്പനികൾക്കിടയിൽ മത്സരവും ശക്തമാണ്. 2014ൽ ഒടാക്‌സി അവതരിപ്പിച്ച സമയത്തുണ്ടായതിനേക്കാൾ വാടക ഗണ്യമായ രീതിയിൽ കുറയാൻ ഈ മത്സരം കാരമണായതായും മന്ത്രാലയം അറിയിച്ചു. തലസ്ഥാന നഗരത്തിനു പുറമെ, സലാല, ഖസബ് തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിലവിൽ ആപ്പ് അധിഷ്ഠിത സേവനം ലഭ്യമാണ്.

അതേസമയം, വിമാനത്താവളത്തിൽ നിന്നുള്ള ടാക്‌സി നിരക്കുകളിൽ ഇപ്പോഴും വലിയ കുറവുണ്ടായിട്ടില്ലെന്ന് മന്ത്രാലയം അധികൃതർ അറിയിച്ചു. ഇതുകാരണം അനധികൃത ടാക്‌സികൾ ഇവിടെ വ്യാപകമാണ്. യാത്രക്കാർക്കും ടാക്‌സികൾക്കും പ്രയോജനപ്പെടുന്ന തരത്തിൽ ചർച്ചകളിലൂടെ ഈ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

രാജ്യത്തെ പ്രധാന നഗരങ്ങൾക്കിടയിലും അയൽ രാജ്യങ്ങൾക്കിടയിലും നിലവിലുള്ള പൊതുഗതാഗത സേവനങ്ങൾ വിലയിരുത്തുന്നതിന് ഉത്തരവാദിത്തമുള്ള കൺസൾട്ടൻസി വഴി രാജ്യത്തെ പൊതുഗതാഗത ശൃംഖല വിലയിരുത്തുന്നതിനുള്ള പദ്ധതികൾ ഈയിടെ ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

By admin