Posted By: Nri Malayalee
January 2, 2025
സ്വന്തം ലേഖകൻ: ഒമാനില്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേഷന്‍സ് സെന്ററുകളില്‍ പ്രവാസികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (ടിആർഎ). വിദേശികള്‍ക്ക് ഇനി ഈ മേഖലയില്‍ പരമാവധി ആറുശതമാനം മാത്രമായിരിക്കും തൊഴില്‍ അവസരമെന്ന് ടിആർഎ അധികൃതർ പുറപ്പെടുവിച്ച പുതിയ ഉത്തരവില്‍ പറയുന്നു.
നിലവില്‍ നിശ്ചിത സ്വദേശവത്കരണം പാലിക്കാത്ത കമ്പനികള്‍ക്ക് അത് നടപ്പാക്കുന്നതിനായി എട്ട് മാസത്തെ ഗ്രേസ് പിരീഡ് അനുവദിക്കും. ഈ കാലയളവില്‍ നടപ്പില്‍വരുത്തുന്ന ക്രമീകരണങ്ങളെക്കുറിച്ചുള്ള പദ്ധതി സമര്‍പ്പിക്കണമെന്നും ടിആർഎ അത് അലോകനം ചെയ്ത് അംഗീകാരം നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു. സ്വദേശിവത്കരണം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രതിമാസ പുരോഗതി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും വേണം.
ടെലികമ്മ്യൂണിക്കേഷന്‍ മേഖല കൈകാര്യം ചെയ്യുന്നതില്‍ സ്വദേശി തൊഴിലാളികളുടെ പങ്ക് വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് നടപടിയെന്നും ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി പറഞ്ഞു. ഈ രംഗത്ത് പഠനം പൂര്‍ത്തിയാക്കുന്ന സ്വദേശികള്‍ക്ക് പരിശീലനം നല്‍കി തൊഴില്‍ അവസരങ്ങളിലേക്ക് പ്രാപ്തരാക്കുന്നതിനും അധികൃതര്‍ ലക്ഷ്യമിടുന്നുണ്ട്.