Posted By: Nri Malayalee
January 12, 2025
സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറി സംസ്ഥാനത്ത് പൊതുതിരഞ്ഞെടുപ്പിലൂടെ വിജയിച്ച മന്ത്രി ജിന്‍സണ്‍ ആന്റോ ചാള്‍സിന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. മന്ത്രിയായശേഷം ആദ്യമായി കേരളത്തിലേക്ക് എത്തുന്ന ജിന്‍സനെ കാത്ത് സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെടെ നിരവധി ആളുകള്‍ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ജിന്‍സണ്‍ കൊച്ചിയില്‍ എത്തിയത്.
അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ നഴ്‌സിങ് പഠനവും പരിശീലനവും പൂര്‍ത്തിയാക്കിയ ജിന്‍സന് അങ്കമാലി കേന്ദ്രീകരിച്ച് വലിയ സുഹൃദ് വലയം ഉണ്ട്. ജിന്‍സന്റെ സഹോദരന്‍ ജിയോ ടോം ചാള്‍സ്, ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി പി.ആര്‍.ഒ. ബാബു തോട്ടുങ്ങല്‍, നെടുമ്പാശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്റ് ഷിബു മൂലന്‍, മമ്മൂട്ടി ഫാന്‍സ് ഓസ്‌ട്രേലിയ ഘടകം പ്രസിഡന്റ് മദനന്‍ ചെല്ലപ്പന്‍, ജര്‍മനിയില്‍ നിന്നുള്ള മലയാളി സംഘടനാ നേതാവും പഴയ സഹപാഠിയുമായ ജോസഫ് സണ്ണി മുളവരിക്കല്‍, യു.എന്‍.എ. സ്ഥാപക നേതാവായിരുന്ന ബെല്‍ജോ ഏലിയാസ് തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.
ഓസ്‌ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിറ്ററി പാര്‍ലമെന്റില്‍ സാന്‍ഡേഴ്‌സ് സണ്‍ മണ്ഡലത്തില്‍ നിന്ന് ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയുടെ പ്രതിനിധിയായി വന്‍ ഭൂരിപക്ഷത്തില്‍ സ്റ്റേറ്റ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജിന്‍സനെ പാര്‍ട്ടി സുപ്രധാന വകുപ്പുകള്‍ നല്‍കി മന്ത്രിയാക്കുകയായിരുന്നു.
ഓസ്‌ട്രേലിയയില്‍ ഒരു ഇന്ത്യന്‍ വംശജന്‍ മന്ത്രിയായത് ഇതാദ്യമാണ്. പാലാ മൂന്നിലവ് സ്വദേശിയായ ജിന്‍സന്‍ 2012-ലാണ് ഓസ്‌ട്രേലിയയില്‍ എത്തിയത്. പത്തനംതിട്ട എം.പി. ആന്റോ ആന്റണി പിതൃസഹോദരനാണ്.