• Tue. Sep 2nd, 2025

24×7 Live News

Apdin News

കംബോഡിയന്‍ നേതാവുമായുളള ഫോണ്‍ സംഭാഷണം, അങ്കിൾ വിളി: തായ്‌ പ്രധാനമന്ത്രിയെ പുറത്താക്കി ഭരണഘടനാ കോടതിവിച്ചു

Byadmin

Sep 2, 2025





ബാങ്കോക്ക്: തായ്‌ലാന്‍ഡ് പ്രധാനമന്ത്രി പെയ്‌തോങ്തരണ്‍ ഷിനവത്രയെ പുറത്താക്കി. കംബോഡിയന്‍ മുന്‍ പ്രധാനമന്ത്രി ഹുന്‍ സെന്നുമായുളള ഫോണ്‍ സംഭാഷണം വിവാദമായതിനു പിന്നാലെ ഭരണഘടനാ കോടതിയുടേതാണ് നടപടി. ധാര്‍മിക പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയെ സ്ഥാനത്തുനിന്നും പുറത്താക്കിയത്. മൂന്നിനെതിരെ ആറ് വോട്ടുകള്‍ക്കാണ് തായ്‌ലാന്‍ഡിലെ ഭരണഘടനാ കോടതി പെയ്‌തോങ്താന്‍ പുറത്താക്കാന്‍ വിധി പുറപ്പെടുവിച്ചത്.

ജൂലൈയില്‍ പെയ്‌തോങ്തരണ്‍ ഷിനവത്രയെ ഭരണഘടനാ കോടതി സസ്‌പെന്‍ഡ് ചെയ്തിരുന്നു. കംബോഡിയയുമായുളള അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഷിനവത്രയുടെ ഫോണ്‍ സംഭാഷണം പുറത്തുവന്നത്. പെയ്‌തോങ്തരണ്‍ മുന്‍ കംബോഡിയന്‍ പ്രധാനമന്ത്രിയെ ‘അങ്കിള്‍’ എന്ന് വിളിക്കുകയും കംബോഡിയന്‍ സൈനികന്റെ മരണത്തിനിടയാക്കിയ അതിര്‍ത്തി സംഘര്‍ഷത്തില്‍ സ്വന്തം സൈന്യത്തിന്റെ നടപടികളെ വിമര്‍ശിക്കുന്നതുമായിരുന്നു പ്രധാനമന്ത്രിയുടെ ഫോണ്‍ സംഭാഷണം. കോടതി വിധി അംഗീകരിക്കുന്നതായി തായ്‌ലാന്‍ഡ് പ്രധാനമന്ത്രി അറിയിച്ചു.

നയതന്ത്ര മൂല്യങ്ങൾ ലംഘിച്ചെന്നാരോപിച്ച് ഷിനവത്രക്കെതിരെ പ്രതിപക്ഷാംഗങ്ങൾ പരാതി നൽകുകയായിരുന്നു. കംബോഡിയയുമായുള്ള അതിർത്തിത്തർക്കം കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്ന് ഷിനവത്രയ്‌ക്കെതിരെ ജനരോഷം കനക്കുന്നതിനിടെയാണ് കോളിളക്കം സൃഷ്ടിച്ച് വിവാദ ഫോൺസംഭാഷണം പുറത്തുവന്നത്. ഹുൻ സെൻ തന്നെയാണ് 17 മിനിറ്റുള്ള സ്വകാര്യസംഭാഷണം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. സംഭാഷണത്തിനിടെ ഹുൻ സെന്നിനെ ‘അങ്കിൾ’ എന്നാണ് ഷിനവത്ര വിളിച്ചത്.

അനന്തിരവളായി കരുതി തന്നോട് അനുകമ്പ കാണിക്കണമെന്നാണ് ഷിനവത്ര പറഞ്ഞത്. കംബോഡിയൻ അതിർത്തിയുടെ ചുമതലയുള്ള കമാൻഡർ ബൂൻസിൻ പദ്ക്ലാങ്ങിനെക്കുറിച്ച് ഷിനവത്ര മോശം പരാമർശം നടത്തുകയും ചെയ്തു. അയാൾ തന്റെ എതിരാളിയാണെന്നും മാധ്യമങ്ങളോട് വീമ്പുപറയാനാണ് താത്പര്യമെന്നും ഈ കാട്ടിക്കൂട്ടലുകൾ തനിക്കിഷ്ടമല്ലെന്നും ഷിനവത്ര ഹുൻ സെന്നിനോട് പറഞ്ഞിരുന്നു.അതിർത്തിസംഘർഷം ലഘൂകരിക്കാൻ വ്യക്തിപരമായി നയതന്ത്രശ്രമം നടത്തിയതാണെന്നാണ് ഷിനവത്രയുടെ വിശദീകരണം. ജനരോഷം ശക്തമായതോടെ ഷിനവത്ര പരസ്യമായി മാപ്പുപറഞ്ഞിരുന്നു.



By admin