Posted By: Nri Malayalee
January 11, 2025
സ്വന്തം ലേഖകൻ: കാനഡ അമേരിക്കയുടെ 51-ാം സംസ്ഥാനമാകുമെന്ന നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പരാമര്‍ശം രാജി പ്രഖ്യാപനം നടത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വീണ്ടും തള്ളി. ട്രംപിന്റെ അഭിപ്രായപ്രകടനം ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്നാണ് ട്രൂഡോ വിശേഷിപ്പിച്ചത്. കനേഡിയന്‍ പൗരന്മാര്‍ക്ക് സ്വന്തം രാജ്യത്തെക്കുറിച്ച് അഭിമാനമുണ്ട്. തങ്ങള്‍ അമേരിക്കക്കാരല്ലയെന്നും ട്രൂഡോ കൂട്ടിച്ചേര്‍ത്തു. ട്രൂഡോ സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഒട്ടാവ അതിര്‍ത്തി സുരക്ഷ വര്‍ധിപ്പിക്കുന്നില്ലെങ്കില്‍ എല്ലാ കനേഡിയന്‍ ഇറക്കുമതികള്‍ക്കും 25 ശതമാനം തീരുവ ചുമത്തണമെന്ന് ട്രംപ് അടുത്തിടെ നിര്‍ദ്ദേശിച്ചു, എന്നാല്‍ ഈ നീക്കം രണ്ട് സമ്പദ്വ്യവസ്ഥയെയും ബാധിക്കുമെന്ന് ട്രൂഡോ മുന്നറിയിപ്പ് നല്‍കി. ഇത്തരം താരിഫുകള്‍ നടപ്പാക്കിയാല്‍ വില വര്‍ധിച്ചതിന്റെ ആഘാതം യുഎസ് ഉപഭോക്താക്കള്‍ വഹിക്കുമെന്ന് ട്രൂഡോ പറഞ്ഞു. എണ്ണ, വാതകം, വൈദ്യുതി, സ്റ്റീല്‍, അലുമിനിയം, തടി, കോണ്‍ക്രീറ്റ് എന്നിവയും കാനഡയില്‍ നിന്ന് അമേരിക്കന്‍ ഉപഭോക്താക്കള്‍ വാങ്ങുന്ന എല്ലാ ഇനങ്ങള്‍ക്കും ഈ താരിഫുകളില്‍ മുന്നോട്ട് പോയാല്‍ കൂടുതല്‍ ചെലവേറിയതാകുമെന്ന് ട്രൂഡോ കൂട്ടിച്ചേര്‍ത്തു.
കാനഡ യുഎസിന്റെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ പുറത്തുവിട്ടിരുന്നു. കാനഡയെ അമേരിക്കയിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ സാമ്പത്തിക ശക്തി ഉപയോഗിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയതോടെയാണ് മറുപടിയുമായി ട്രൂഡോ രംഗത്ത് വന്നത്. ഞങ്ങള്‍ക്ക് അവരുടെ പക്കലുള്ള ഒന്നും ആവശ്യമില്ല. ഞങ്ങള്‍ക്ക് അവരുടെ പാലുല്‍പ്പന്നങ്ങള്‍ ആവശ്യമില്ല, അവര്‍ക്ക് ഉള്ളതിനേക്കാള്‍ കൂടുതല്‍ ഞങ്ങളുടെ പക്കലുണ്ട്. ഞങ്ങള്‍ക്ക് ഒന്നും ആവശ്യമില്ല, പിന്നെ എന്തിനാണ് കാനഡയെ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്ക് പ്രതിവര്‍ഷം 200 ബില്യണ്‍ ഡോളര്‍ ചെലവഴിക്കുന്നതെന്ന് ട്രംപ് ചോദിച്ചു. കനേഡിയന്‍ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപ് നിലപാട് കടുപ്പിച്ചത്.