
ബംഗളൂരു: പട്ടും പൊന്നുമണിഞ്ഞ് വിവാഹ വേഷത്തിൽ മസിൽ പെരുപ്പിച്ചെത്തുന്ന വധു. കർണാടകയിലെ വനിതാ ബോഡി ബിൽഡറുടെ വിവാഹ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ കത്തിപ്പടരുകയാണ്. ചിത്ര പുരുഷോത്തം എന്ന ഫിറ്റ്നെസ് പരിശീലകയാണ് തന്‍റെ വിവാഹചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് സകലരെയും അമ്പരപ്പിച്ചിരിക്കുന്നത്.
മഞ്ഞയും നീലയും കലർന്ന കാഞ്ചീവരം സാരിയാണ് ചിത്ര ധരിച്ചിരിക്കുന്നത്. ബ്ലൗസ് ഇല്ലാതെയാണ് സാരി ചുറ്റിയിരിക്കുന്നത്. ട്രഡീഷണൽ ആഭരണങ്ങളും അരപ്പട്ടയും നെറ്റിച്ചുട്ടിയും വളകളും കമ്മലും അണിഞ്ഞിട്ടുണ്ട്. കണ്ണെഴുതി ലിപ്സ്റ്റിക്കും പുരട്ടി മുടി ഭംഗിയായി കെട്ടി മുല്ലപ്പൂവും ചൂടിയിട്ടുണ്ട്.
പക്ഷേ കാഴ്ചക്കാരെ അമ്പരപ്പിക്കുന്നത് ഇരുകൈകളിലെയും കഴുത്തിലെയും മസിലുകളാണ്. മൈൻഡ് സെറ്റ് ഇസ് എവരിതിങ് എന്ന ക്യാപ്ഷനോടു കൂടിയാണ് ചിത്രങ്ങളും വീഡിയോയും പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രയുടെ പോസ്റ്റ് ഇതിനിടെ 7 ദശലക്ഷം പേരാണ് കണ്ടിരിക്കുന്നത്. ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള ചിത്ര നിരവധി സൗന്ദര്യ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. മിസ് ഇന്ത്യ ഫിറ്റ്നസ്, വെൽനെസ്, മിസ് സൗത്ത് ഇന്ത്യ, മിസ് കർണാടക പട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. കിരൺ രാജിനെയാണ് ചിത്ര വിവാഹം കഴിച്ചത്.