• Wed. Jan 15th, 2025

24×7 Live News

Apdin News

കാട്ടുതീ പ്രതിരോധിക്കാന്‍ പിങ്ക് പൗഡര്‍; എന്താണ് ഫോസ്-ചെക്ക് സൊല്യൂഷന്‍?

Byadmin

Jan 15, 2025





ലോസ് അഞ്ജലിസ്: ലോസ് ആഞ്ജലിസിന്റെ തെരുവുകള്‍ക്ക് ഇന്ന് പിങ്ക് നിറമാണ്. അതിശൈത്യവും കനത്ത ശീതക്കാറ്റും കാട്ടുതീയുടെ രൂപത്തില്‍ ലോസ് ആഞ്ജലിസിനെ കീഴ്‌പ്പെടുത്തുമ്പോള്‍ പ്രതിരോധ മാര്‍ഗമെന്നോണമാണ് സര്‍ക്കാര്‍ പിങ്ക് പൗഡര്‍ ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും വിതറുന്നത്. ഒരു പരിധിവരെ കാട്ടുതീ പടരുന്നത് പ്രതിരോധിക്കന്‍ കഴിയുന്ന ഫോസ്-ചെക്ക് എന്ന പ്രത്യേകതരം രാസപദാര്‍ഥമാണ് പിങ്ക് നിറത്തില്‍ ലോസ് ആഞജലിസില്‍ നിറയുന്നത്. 1960 മുതല്‍ അമേരിക്കന്‍ കമ്പനിയായ പെരിമേറ്റര്‍ സൊലൂഷന്‍ ഉത്പാദിപ്പിക്കുന്ന ഫോസ് ചെക്ക് പ്രധാന അഗ്നി പ്രതിരോധ വസ്തുവെന്ന രീതിയില്‍ ലോകത്താകമാനം ഏറെ പ്രശസ്തമാണ്.

ലോസ് ആഞ്ജലിസില്‍ തീ ആളിപ്പടര്‍ന്ന ഈ ദിവസങ്ങളിൽ ആയിരക്കണക്കിന് ഗാലന്‍ ഫെസ്‌ചെക്ക് സൊലൂഷനാണ് ഇവിടെ ഉപയോഗിച്ചത്. ഇതിന്റെ പിങ്ക് നിറം തീ പടര്‍ന്ന് പിടിക്കുന്നത് ഒരു പരിധിവരെ തടയുമെന്ന് മാത്രമല്ല ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ക്ക് അപകടസ്ഥലം പെട്ടെന്ന് തിരിച്ചറിയാനുള്ള സാഹചര്യമുണ്ടാക്കുന്നുവെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ദിവസങ്ങള്‍ കഴിഞ്ഞ് മാത്രമേ ഇതിന്റെ പിങ്ക് നിറം മാഞ്ഞുപോവുകയുള്ളൂവെന്നതാണ് ഗുണം.

നേരിട്ട് തീയിലേക്ക് സ്‌പ്രേചെയ്യുന്നതിന് പകരം തീപിടിത്ത സാധ്യത മുന്നില്‍ കണ്ട് ഫോസ്‌ചെക്ക് മുന്‍കൂട്ടി സ്പ്രേചെയ്യുകയാണ് ചെയ്യുന്നത്. അമോണിയം പോളിഫോസ്ഫേറ്റ് വസ്തുവാണ് പിങ്ക് സ്‌പ്രേയില്‍ അടങ്ങിയിരിക്കുന്നത്. വെള്ളത്തേപ്പോലെ പെട്ടെന്ന് വറ്റിപ്പോകില്ലെന്നതുകൊണ്ട് ഏത് സമയത്തും ഉപയോഗിക്കാനും കഴിയും.

ഫോസ് ചെക്കിന്‍റെ വ്യാപകമായ ഉപയോഗം പാരിസ്ഥിക ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കിയേക്കാമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഇതിലടങ്ങിയ രാസവസ്തു ജലസ്രോതസ്സുകളെയടക്കം മലിനമാക്കാമെന്നും ഇത് ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കാമെന്നുമാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. എങ്കിലും നിലവിലെ സാഹചര്യത്തില്‍ ലോസ് ആഞ്ജലീസില്‍ ലഭിക്കുന്നതില്‍വെച്ച് ഏറ്റവും ഫലപ്രദമായ വസ്തുവാണ് ഫോസ് ചെക്ക് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.



By admin