• Thu. Dec 4th, 2025

24×7 Live News

Apdin News

കാണാതായ മലേഷ്യൻ വിമാനം MH370 ക്ക് വേണ്ടി വീണ്ടും തെരച്ചിൽ

Byadmin

Dec 4, 2025


2014 ൽ 239 ആളുകളുമായി കാണാതായ മലേഷ്യൻ വിമാനം ബോയിങ് 777, MH370 യ്ക്ക് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിക്കാൻ തീരുമാനം. ഡിസംബർ 30 നാണ് തെരച്ചിൽ ആരംഭിക്കുക. 55 ദിവസം തെരച്ചിൽ നടത്തുവാനാണ് തീരുമാനം. കഴിഞ്ഞ ഏപ്രിലിൽ തെരച്ചിൽ പുനരാരംഭിച്ചിരുന്നുവെങ്കിലും മോശം കാലാവസ്ഥയെത്തുടർന്ന് നിർത്തിവെച്ചിരുന്നു.

കോലാലംപുരിൽ നിന്ന് ബീജിങിലേക്ക് പോയ വിമാനമാണ് 2014ൽ കാണാതായത്. വിമാനാപകട ചരിത്രത്തിൽ തന്നെ ഏറ്റവും ദുരൂഹത നിറഞ്ഞ അപ്രത്യക്ഷമാവലായിരുന്നു MH370 യുടേത്. ഇതിനു ശേഷം വിമാനത്തിനായി നിരവധി തവണ തെരച്ചിൽ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇത്തവണ ഓഷ്യൻ ഇൻഫിനിറ്റി എന്ന സ്ഥാപനമാണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്.

ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ അടിത്തട്ടിൽ നടത്തുന്ന പരിശോധനയിൽ കാര്യമായ അവശിഷ്ടങ്ങൾ കണ്ടെത്തുകയാണെങ്കിൽ 70 മില്യൺ ഡോളറാണ് കമ്പനിയ്ക്ക് നൽകുക.

2014 മാർച്ച് 8നാണ് ടേക്ക് ഓഫിന് 8 മിനിറ്റുകൾക്ക് ശേഷം വിമാനവുമായുള്ള ആശയവിനിമയം ഇല്ലാതായത്. പിന്നീട് വിമാനം നിശ്ചിത പാതയിൽ നിന്ന് വ്യതിചലിച്ചതായി റഡാർ വിവരങ്ങളിൽ നിന്ന് വ്യക്തവുമായി. വിമാനത്തിൻ്റെ നിയന്ത്രണത്തിൽ കൃത്രിമത്വം നടന്നതായി അപ്രത്യക്ഷമാവലിനെ തുടർന്നുണ്ടായ റിപ്പോർട്ടിൽ പരാമർശമുണ്ടെങ്കിലും ഇക്കാര്യം ഉറപ്പിക്കുവാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

വിമാനത്തിന്‍റെ ചില ഭാഗങ്ങൾ റീയൂണിയൻ ഐലൻഡ്, റ്റാൻസാനിയ, മൌറീഷ്യസ്, മഡഗാസ്കർ, മൊസാമ്പിക്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും ഇന്ത്യൻ മഹാസമുദ്രതീരത്തും അടിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നുവെങ്കിലും ബ്ലാക് ബോക്സ് അടക്കം നിർണായകമായ ഒരു ഭാഗവും ഇതുവരെ കണ്ടെത്തിയിട്ടില്ല.

By admin