• Tue. Oct 15th, 2024

24×7 Live News

Apdin News

കാനഡ സര്‍ക്കാരിനെ വിശ്വാസമില്ലെന്ന് ഇന്ത്യ; ഹൈ കമ്മിഷണറേയും നയതന്ത്ര ഉദ്യോഗസ്ഥരേയും തിരിച്ചുവിളിച്ചു

Byadmin

Oct 15, 2024


കാനഡയ്‌ക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് ഇന്ത്യ. കാനഡയിലെ ഇന്ത്യന്‍ ഹൈ കമ്മീഷണറെയും മറ്റു ഉദ്യോഗസ്ഥരെയും തിരിച്ച് വിളിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഉദ്യോഗസ്ഥരുടെ സുരക്ഷയില്‍ ട്രൂഡോ സര്‍ക്കാരില്‍ വിശ്വാസം ഇല്ലെന്ന് ഇന്ത്യ കനേഡിയന്‍ ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി അറിയിച്ചു. ഖാലിസ്ഥാന്‍ വിഘടനവാദി നിജ്ജാര്‍ കൊലപാതക ഗൂഢാലോചനയില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിന് പിന്നാലെയാണ് ബന്ധം വീണ്ടും വഷളായത്.

കാനഡയിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ സഞ്ജയ് വര്‍മയ്ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതക ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കാനഡ അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്. കനേഡിയന്‍ ഹൈ കമ്മീഷണറെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.തീവ്രവാദത്തിന്റെയും അക്രമത്തിന്റെയും അന്തരീക്ഷത്തില്‍ ട്രൂഡോ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥരെ അപകടത്തില്‍ ആക്കുന്നു.സുരക്ഷ ഉറപ്പാക്കാനുള്ള കനേഡിയന്‍ സര്‍ക്കാരിന്റെ പ്രതിബദ്ധതയില്‍ തങ്ങള്‍ക്ക് വിശ്വാസമില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ഹൈ കമ്മീഷനറെയും ഭീഷണി നേരിടുന്ന നയതന്ത്ര ഉദ്യോഗസ്ഥരെയും തിരിച്ചു വിളിക്കാന്‍ തീരുമാനിച്ചതായി ഇന്ത്യ അറിയിച്ചു.

ഇന്ത്യക്കെതിരായ തീവ്രവാദത്തെ ട്രൂഡോസര്‍ക്കാര്‍ പിന്തുണയ്ക്കുന്നതില്‍ മറുപടിയായി തുടര്‍പടികള്‍ സ്വീകരിക്കുമെന്നും വിദേശകാര്യമന്ത്രാലയം കനേഡിയന്‍ ഹൈകമ്മീഷണറോട് വ്യക്തമാക്കി. കാനഡയുടെ ആരോപണം വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി എന്നായിരുന്നു വിദേശകാര്യമന്ത്രാലയം നേരത്തെ പ്രതികരിച്ചത്.ഇന്ത്യയുമായി ബന്ധപ്പെട്ട വിഘടന-തീവ്രവാദവുമായി ബന്ധമുള്ളവരെ ട്രൂഡോ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയെന്നും ഇന്ത്യ കുറ്റപ്പെടുത്തി.

By admin