• Wed. Oct 28th, 2026

24×7 Live News

Apdin News

കാന്തപുരത്തിന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ച് യെനെപോയ യൂണിവേഴ്‌സിറ്റി

Byadmin

Oct 28, 2026


മംഗളൂരു: ലോകപ്രശസ്ത പണ്ഡിതനും മർകസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശിൽപിയുമായ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർക്ക് ഓണററി ഡോക്ടറേറ്റ് നൽകി മംഗളൂരു യെനെപൊയ യൂണിവേഴ്‌സിറ്റി.

വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ-മാനവിക മേഖലകളിൽ ഇന്ത്യക്കകത്തും പുറത്തും കഴിഞ്ഞ 60 വർഷമായി നിർവഹിച്ച സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് യൂണിവേഴ്സിറ്റി ഡി ലിറ്റ് നൽകി ആദരിച്ചത്.

മംഗളൂരു ദേരളക്കാട്ടെ യെനെപോയ ക്യാമ്പസിൽ നടന്ന ചടങ്ങിൽ ചാൻസിലർ ഡോ. യെനെപോയ അബ്ദുല്ലക്കുഞ്ഞി ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു.

ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തി എന്ന നിലയിലും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ നേതാവെന്ന നിലയിലും എണ്ണമറ്റ ആളുകളെ പ്രചോദിപ്പിക്കുകയും വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, സമാധാനം, ഐക്യം, രാഷ്ട്ര നിർമാണം തുടങ്ങിയ മേഖലകളിൽ നിസ്തുലമായ സേവനങ്ങൾ അർപ്പിക്കുകയും ചെയ്ത കാന്തപുരത്തെ ആദരിക്കുന്നത് യെനെപോയ യൂണിവേഴ്‌സിറ്റി ഏറെ അഭിമാനത്തോടെയാണ് കാണുന്നത്. വിദ്യാഭ്യാസം പ്രാപ്യമാക്കുന്നതിലും ഉത്തരവാദിത്തവും അനുകമ്പയും സാമൂഹിക ബോധവുമുള്ള പൗരന്മാരെ വളർത്തിയെടുക്കുന്നതിലും കാന്തപുരം ഉസ്താദ് നിർവഹിച്ച സേവനങ്ങൾ വിലമതിക്കാനാവാത്തതാണ് എന്ന് ഡോക്ടറേറ്റ് സമ്മാനിച്ച് യെനെപോയ യൂണിവേഴ്‌സിറ്റി ചാൻസിലർ ഡോ. യെനെപോയ അബ്ദുല്ലക്കുഞ്ഞി പറഞ്ഞു.

മനുഷ്യനെ സംസ്കരിക്കുകയും പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യാൻ വിദ്യാഭ്യാസം അനിവാര്യമാണെന്ന ഇസ്‌ലാമിക ആശയത്തിൽ നിന്നാണ് പഠനശേഷം വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ ശ്രദ്ധ ചെലുത്തിയതെന്നും അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താലാണ് മർകസ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങൾ നിർമിക്കാൻ സാധിച്ചതെന്നും ഡോക്ടറേറ്റ് സ്വീകരിച്ച് കാന്തപുരം ഉസ്താദ്‌ പറഞ്ഞു.

യൂണിവേഴ്‌സിറ്റിയുടെ 16-ാം കോൻവൊക്കേഷന്റെ ഭാഗമായി യെൻഡുറൻസ് ഹാളിൽ വൈകുന്നേരം 3 മണിക്ക് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ-സാമൂഹിക-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ സംബന്ധിച്ചു. യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ. കെ എസ് ഗംഗാധര സൗമ്യാജി, രജിസ്ട്രാർ ഡോ. അശ്വിനി ദത്ത്, പ്രോ-ചാൻസിലർമാരായ ഡോ. വിജയകുമാർ, ഡോ. മുഹമ്മദ് ഫർഹാദ് യെനെപോയ, കൺട്രോളർ ഓഫ് എക്‌സാമിനേഷൻ ഡോ. ബി ടി നന്ദിഷ്, ഇസ്‌ലാമിക് അക്കാദമി ഓഫ് എഡ്യുക്കേഷൻ ട്രസ്റ്റി ഡോ. ഹബീബ് റഹ്‌മാൻ, ജാമിഅ മർകസ് പ്രോ-ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ: യെനെപോയ യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് ചാൻസിലർ ഡോ. യെനെപോയ അബ്ദുല്ലക്കുഞ്ഞി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർക്ക് സമ്മാനിക്കുന്നു.

By admin