കോന്നി: ബഹ്റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ (പാപ്പാ) നിര്‍മ്മിച്ചു നല്‍കുന്ന ‘സ്വപ്നഭവനം 2025’ പദ്ധതിയുടെ താക്കോല്‍ദാനം നാളെ നടക്കും. കോന്നി മെഡിക്കല്‍ കോളേജിന് സമീപം നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം രാവിലെ കോന്നി എംഎല്‍എ അഡ്വ. കെയു ജനീഷ് കുമാര്‍ നിര്‍വ്വഹിക്കും.
ബഹ്റൈനില്‍ ഗാര്‍ഹിക ജോലിക്കാരിയായി ജോലി ചെയ്യുന്ന, അസോസിയേഷന്‍ തിരഞ്ഞെടുത്ത നിര്‍ദ്ധനയായ ഒരു പ്രവാസി സഹോദരിക്കാണ് സംഘടന ഈ വീട് നിര്‍മ്മിച്ച് നല്‍കുന്നത്. പ്രവാസ ലോകത്തെ കാരുണ്യമുള്ള മനസ്സുകളുടെ സഹായത്തോടെയാണ് ഈ സ്വപ്നഭവനം യാഥാര്‍ത്ഥ്യമായത്.
താക്കോല്‍ദാന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി അസോസിയേഷന്‍ പ്രസിഡന്റ് വിഷ്ണു വി, ജനറല്‍ സെക്രട്ടറി സുനു കുരുവിള എന്നിവര്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ ബഹ്റൈനില്‍ നിന്നും ഇന്ന് നാട്ടിലെത്തി. അസോസിയേഷന്റെ മറ്റ് ഭാരവാഹികളും നാട്ടിലെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരിക്കും.
ബഹ്റൈനിലെ പ്രവാസികള്‍ക്കിടയില്‍ സജീവമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ ഏറ്റവും ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ് ‘പാപ്പാ സ്വപ്നഭവനം’. സ്വന്തമായി ഒരു വീടെന്ന സഹപ്രവര്‍ത്തകയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍.
The post കാരുണ്യത്തിന്റെ തണലൊരുക്കി ‘പാപ്പാ സ്വപ്നഭവനം’; താക്കോല്‍ദാനം നാളെ കോന്നിയില്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.