Posted By: Nri Malayalee
December 19, 2024
സ്വന്തം ലേഖകൻ: ഒരേ ദിശയിൽ സഞ്ചരിക്കുന്നവർക്ക് ഇനി മിനി ബസുകളും ഓട്ടത്തിനു വിളിക്കാം. കാറുകൾക്ക് പിന്നാലെ, മിനി ബസുകളും പൂൾ ചെയ്യാനുള്ള സൗകര്യം ആർടിഎ ഒരുക്കി. സ്മാർട് ആപ്ലിക്കേഷൻ വഴിയാണ് ബുക്കിങ്. ഒരു കാറിന്റെ ശേഷിയിലധികം ആളുണ്ടെങ്കിൽ മിനി ബസിൽ ഒരുമിച്ചു യാത്ര ചെയ്യാം. യാത്രാ ചെലവും ഗണ്യമായി കുറയും.
ആദ്യ ഘട്ടത്തിൽ ദെയ്റയിൽ നിന്നാണ് സർവീസ് ആരംഭിക്കുന്നത്. ബിസിനസ് ബേ, ദുബായ് മാൾ, മിർദിഫ്, ദുബായ് ഫെസ്റ്റിവൽ സിറ്റി എന്നിവിടങ്ങളിലേക്കാണ് സർവീസ്. ക്രമേണ മറ്റു സ്ഥലങ്ങളിലേക്കും പൂൾ സർവീസ് വരുമെന്ന് ആർടിഎയുടെ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സിഇഒ അഹമ്മദ് ഹാഷിം ബഹ്റോസിയാൻ പറഞ്ഞു.
മിനി ബസുകൾ മാസ – ആഴ്ച – ദിവസ വാടകയ്ക്കു ലഭിക്കും. ആവശ്യക്കാരുടെ എണ്ണം അനുസരിച്ചാണ് മിനി ബസുകൾ സർവീസ് നടത്തുക. ഇതിനായി Citylink Shuttle, DrivenBus,Fluxx Daily എന്നീ സ്മാർട് ആപ്പുകൾ ഉപയോഗിക്കാം.
20 മിനി ബസുകൾ സർവീസിനുണ്ടാകും. 13 – 30 വരെയാണ് സീറ്റുകൾ. യാത്രക്കാരുടെ എണ്ണം, ദൂരം എന്നിവ ആശ്രയിച്ചാകും ഏത് വാഹനം ഉപയോഗിക്കണം എന്നു തീരുമാനിക്കുക. ടാക്സിക്കുള്ള അത്രപണം ചെലവാകില്ലെന്നതും ടാക്സിയുടെ അതേ സൗകര്യത്തിൽ യാത്ര ചെയ്യാം എന്നതുമാണ് മിനി ബസ് പൂൾ ചെയ്യുന്നതിന്റെ ഗുണം.