• Sat. Oct 25th, 2025

24×7 Live News

Apdin News

കാഴ്ച പോയി, കണ്ണില്‍ രണ്ട് കാരറ്റ് വജ്രം പതിപ്പിച്ച് ആഭരണക്കടയുടമ; ചെലവ് 16കോടി

Byadmin

Oct 25, 2025


അലബാമ സ്വദേശി സ്ലേറ്റര്‍ ജോണ്‍സ് ഇപ്പോള്‍ വൈറല്‍ താരമാണ്. കാഴ്ച നഷ്ടപ്പെട്ട കണ്ണില്‍ വജ്രം പതിപ്പിച്ചതോടെ വാര്‍ത്താ തലക്കെട്ടുകളില്‍ നിറയുകയാണ് ഈ 23കാരന്‍. വജ്രം പതിപ്പിക്കാൻ ഏകദേശം 2 ദശലക്ഷം ഡോളർ (ഏകദേശം 16.6 കോടി രൂപ)യാണ് ചെലവായത്.

ജെയിംസ് ബോണ്ട് ചിത്രമായ ‘ഡൈ അനദർ ഡേ’യിലൂടെയാണ് മുഖത്ത് വജ്രം പതിപ്പിച്ച കാഴ്ച നമ്മള്‍ കണ്ടത്. ചിത്രത്തിലെ വില്ലന്‍ സാവോയുടെ രൂപത്തോടുതന്നെയാണ് സ്ലേറ്റർ ജോൺസിന്റെ ഈ പുതിയ രൂപത്തെയും സാമ്യപ്പെടുത്തുന്നത്. കൃത്രിമക്കണ്ണിന്റെ ഐറിസിൽ രണ്ട് കാരറ്റ് വജ്രമാണ് സ്ലേറ്റര്‍ പിടിപ്പിച്ചിട്ടുള്ളത്.

ടോക്സോപ്ലാസ്മോസിസ് അണുബാധയെത്തുടർന്ന് 17-ാം വയസ്സിലാണ് സ്ലേറ്റര്‍ക്ക് വലതുകണ്ണിന്റെ കാഴ്ചശക്തി നഷ്ടമായത്. ചികിത്സകള്‍ പലതു നടത്തിയെങ്കിലും പ്രതീക്ഷിക്കാനായി ഒന്നുമുണ്ടായില്ല. കണ്ണ് രക്ഷിക്കാൻ കഴിയില്ലെന്നും അത് നീക്കം ചെയ്യേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ ഉറപ്പിച്ചു പറഞ്ഞു. എന്നാൽ, ഈ തിരിച്ചടിയെ തന്റെ ആഭരണ ഡിസൈനർ എന്ന കരിയറിന് അനുയോജ്യമായ ഒരു അവസരമായി മാറ്റുകയാണ് ജോൺസ് ചെയ്തത്. അങ്ങനെയാണ് ഈ കൃത്രിമക്കണ്ണിന് അദ്ദേഹം രൂപകൽപന ചെയ്തത്.

കൃത്രിമ അവയവ വിദഗ്ദ്ധനായ ജോൺ ഇമ്മുമായി സഹകരിച്ചാണ് കൃത്രിമക്കണ്ണ് നിർമിച്ചത്. കഴിഞ്ഞ 32 വർഷത്തിനിടെ 10,000ത്തോളം കൃത്രിമ കണ്ണുകൾ നിർമിച്ചിട്ടുള്ള വ്യക്തിയാണ് ജോണ്‍. ഈ കണ്ണില്‍ രണ്ടു കാരറ്റ് വജ്രമാണ് ചേര്‍ത്തതെന്നും മൂന്ന് കാരറ്റ് ചേരില്ലായിരുന്നുവെന്നും ജോണ്‍ ഇം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വെളിച്ചത്തിൽ തിളക്കത്തോടെ പ്രകാശിക്കുന്ന സ്വാഭാവിക വജ്രക്കല്ലാണ് ഇതിലെ ഐറിസ്.

സമൂഹമാധ്യമങ്ങളില്‍ വൈറലാണ് സ്ലേറ്ററും വജ്രക്കണ്ണും. അതേസമയം ഒന്നു ശ്രദ്ധ മാറിയാല്‍ കിഡ്നി വരെ അടിച്ചോണ്ടുപോകുന്ന ഇക്കാലത്ത് 16കോടി കണ്ണില്‍ കൊണ്ടുനടക്കുന്നതിലെ ആശങ്കയും ചിലർ പങ്കുവയ്ക്കുന്നുണ്ട്. നിങ്ങളുടെ രത്നം പതിച്ച കണ്ണിന് വേണ്ടി ആരെങ്കിലും നിങ്ങളെ ആക്രമിക്കുന്നതുവരെ എല്ലാം തമാശയായിരിക്കും എന്ന മുന്നറിയിപ്പും ചിലര്‍ നല്‍കുന്നുണ്ട്.

By admin