• Thu. Oct 15th, 2026

24×7 Live News

Apdin News

കിഫ്ബിയിൽ സമഗ്ര പുനഃസംഘടന: വിദഗ്ധ സമിതി റിപ്പോർട്ട് നാളെ നിയമസഭയിൽ

Byadmin

Oct 15, 2026


തിരുവനന്തപുരം: കിഫ്ബി പ്രവർത്തനങ്ങൾ പഠിച്ച വിദഗ്ധ സമിതി റിപ്പോർട്ട് നാളെ നിയമസഭയിൽ. റിപ്പോർട്ടിന് മന്ത്രിസഭ അംഗീകാരം നൽകി. കിഫ്ബിയിൽ സമഗ്ര പുനഃസംഘടന ശിപാർശ ചെയ്യുന്നതാണ് റിപ്പോർട്ട്. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി സുധാ പിള്ള അധ്യക്ഷയായ സമിതിയാണ് പഠനം നടത്തിയത്. ഫെഡറൽ ബാങ്ക് മുൻ എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ, അസോസിയേഷൻ ഓഫ് ചാർട്ടേഡ് അക്കൗണ്ട്‌സ് ആൻഡ് ഓഫ് ഇന്ത്യ മുൻ ചെയർമാൻ നിലേഷ് വികംസി, ഇന്ത്യൻ അക്കൗണ്ട്‌സ് ആൻഡ് ഓഡിറ്റ് മുൻ ഉദ്യോഗസ്ഥയും സിഎജി മുൻ ഓഡിറ്റ് ബോർഡ് ഡയറക്ടറുമായ എച്ച്. സുബ്ബലക്ഷ്മി, മുൻ കേന്ദ്ര റവന്യൂസെക്രട്ടറി തരുൺ ബജാജ് എന്നിവരാണ് സമിതിയിലെ അം​ഗങ്ങൾ.

വി. ഡി. സതീശൻ സർക്കാർ അധികാരമേറ്റയുടൻ പുറത്തിറക്കിയ സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവള പത്രത്തിൽ കിഫ്ബി പുനഃസംഘടിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കിഫ്ബിയുടെ അടിസ്ഥാന ആശയം ദുർബലമായെന്നും, പദ്ധതികൾക്ക് രാഷ്ട്രീയ മുൻഗണന നൽകിയെന്നും വിമർശനമുണ്ട്. കിഫ്ബി വായ്പകൾ നിയന്ത്രിക്കണമെന്നും ധവളപത്രത്തിൽ ശിപാർശയുണ്ടായിരുന്നു.

കഴിഞ്ഞ സർക്കാരിന്റെ അഭിമാന പദ്ധതിയായ കിഫ്ബിയുടെ പദ്ധതി നടത്തിപ്പിലും, ധനവിനിയോഗത്തിലും ഗുരുതര വിമർശനമാണ് ധവളപത്രത്തിൽ ഉള്ളത്. കിഫ്ബിയുടെ നിലവിലെ വായ്പാ ബാധ്യത ഏകദേശം 21,000 കോടിയാണ്. ഇനി ധനസഹായം നൽകേണ്ട പദ്ധതികൾക്ക് 35,000 കോടിയിലധികം വേണം. കിഫ്ബി രൂപീകരിച്ച് ഒരു സമാന്തര സാമ്പത്തിക അധികാരകേന്ദ്രം നിലവിൽ വരാൻ ഇടയാക്കിയെന്ന് ധവളപത്രത്തിൽ പറയുന്നു.

By admin