Posted By: Nri Malayalee
November 8, 2024
സ്വന്തം ലേഖകൻ: അതിർത്തിയെ ശക്തവും കരുത്തുറ്റതുമാക്കി മാറ്റുന്നതിനായിരിക്കും തന്റെ പ്രഥമ പരിഗണനയെന്ന് ഡോണൾഡ് ട്രംപ്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം രാജ്യാന്തര മാധ്യമത്തിന് നൽകിയ ആദ്യ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്. അനധികൃതമായി കുടിയേറിയവരെ കൂട്ടത്തോടെ നാടുകടത്തുമെന്ന തന്റെ പ്രചാരണ വാഗ്ദാനത്തെ കുറിച്ചുള്ള ചോദ്യത്തിന് അതു നടപ്പാക്കുകയല്ലാതെ തന്റെ ഭരണകൂടത്തിന് മറ്റുമാർഗമില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി.
അതിര്ത്തി ശക്തമാക്കുന്നതിനൊപ്പം തന്നെ ആളുകൾ അമേരിക്കയിൽ വരണമെന്നും താൻ ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ‘‘തീർച്ചയായും അതിർത്തി ശക്തവും കരുത്തുറ്റതുമാക്കേണ്ടതുണ്ട്, അതേസമയം, ആളുകൾ നമ്മുടെ രാജ്യത്ത് വരണമെന്നും ആഗ്രഹിക്കുന്നു. ‘ഇല്ല, നിങ്ങൾക്ക് അകത്തേക്ക് വരാൻ കഴിയില്ല’ എന്ന് പറയുന്ന ആളല്ല ഞാൻ.
ആളുകൾ അകത്തേക്ക് വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.” യുഎസ് പ്രസിഡന്റ് ജോ ബൈഡനും കമല ഹാരിസുമായി നടത്തിയ ഫോൺ സംഭാഷണത്തെ കുറിച്ചും ട്രംപ് പരാമർശിച്ചു. സംഭാഷണം ഹൃദ്യമായിരുന്നുവെന്നും പരസ്പര ബഹുമാനത്തോടെയുള്ളതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ട്രംപ് സർക്കാർ രൂപവത്കരണത്തിനുള്ള നടപടികൾ ആരംഭിച്ചു. ജനുവരി 20നാണ് ട്രംപിന്റെ സത്യപ്രതിജ്ഞ. വരും ദിവസങ്ങളിൽ കാബിനറ്റ് അംഗങ്ങളെ അദ്ദേഹം നിശ്ചയിക്കും.
തെരഞ്ഞെടുപ്പു പ്രചാരണത്തിൽ പ്രധാന പങ്കുവഹിച്ച സൂസി വൈൽസിനെ ട്രംപ് വൈറ്റ്ഹൗസിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആക്കുമെന്നു സൂചനയുണ്ട്. മുൻ ആഭ്യന്തര നയ ഉപദേഷ്ടാവ് ബ്രൂക് റോളിൻസിനെയും ഈ പദവിയിലേക്കു പരിഗണിക്കുന്നുണ്ട്.
മുൻ സിഐഎ ഡയറക്ടറും ഒന്നാം ട്രംപ് ഭരണത്തിൽ സ്റ്റേറ്റ് സെക്രട്ടറിയുമായിരുന്ന മൈക്ക് പോംപിയോ പ്രതിരോധ വകുപ്പിന്റെ മേധാവിയായേക്കാം. നയതന്ത്രവിദഗ്ധൻ റിക് ഗ്രെനെല്ലിനു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പദവിയോ സ്റ്റേറ്റ് സെക്രട്ടറിസ്ഥാനമോ ലഭിച്ചേക്കും.
കെന്നഡി കുടുംബത്തിന്റെ പാരന്പര്യം പേറുന്ന റോബർട്ട് എഫ്. കെന്നഡി ജൂണിയറിന് ആരോഗ്യവകുപ്പിൽ പ്രധാന പദവി നല്കുമെന്ന സൂചന ട്രംപ് നല്കിയിട്ടുണ്ട്. കോവിഡ് അടക്കമുള്ള രോഗങ്ങൾക്കുള്ള വാക്സിനുകളെക്കുറിച്ച് വ്യാജപ്രചാരണം നടത്തിയിട്ടുള്ളയാളാണ് കെന്നഡി ജൂണിയർ. ലോകത്തിലെ ഒന്നാം നന്പർ സന്പന്നൻ ഇലോൺ മസ്കിന് കാബിനറ്റിതര പദവി ട്രംപ് നല്കുമെന്നും സൂചനയുണ്ട്.
ഇതിനിടെ, പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളിയും യുഎസ് വൈസ് പ്രസിഡന്റുമായ കമലാ ഹാരിസ് പരാജയം സമ്മതിച്ചു. അധികാരക്കൈമാറ്റത്തിൽ ട്രംപിനെ സഹായിക്കുമെന്ന് കമല വ്യക്തമാക്കി.
വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്കടുക്കുന്പോൾ ഇലക്ടറൽ കോളജിലെ 538 വോട്ടുകളിൽ 294ഉം ട്രംപ് സ്വന്തമാക്കി. കമലയ്ക്ക് 223 വോട്ടുകളാണു ലഭിച്ചത്. നെവാഡ, അരിസോണ സംസ്ഥാനങ്ങളിലെ ഫലമാണ് വരാനുള്ളത്. 94 ശതമാനം വോട്ടുകളെണ്ണിയ നെവാഡയിലും 70 ശതമാനം വോട്ടുകളെണ്ണിയ അരിസോണയിലും ട്രംപിന് 50 ശതമാനത്തിനു മുകളിൽ വോട്ടുണ്ട്.