Posted By: Nri Malayalee
February 3, 2025
സ്വന്തം ലേഖകൻ: കുടിയേറ്റ നിയന്ത്രണം തത്വത്തില്‍ നല്ലൊരു ആശയമാണെങ്കിലും ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളുടെ നിലനില്‍പ്പിനെ തന്നെ അത് പ്രതികൂലമായി ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ പ്രധാനപ്പെട്ട യൂണിവേഴ്‌സിറ്റികളില്‍ നാലിലൊന്നും ചെലവു ചുരുക്കുകയും ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏകദേശം 10,000 ല്‍ അധികം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയോ താത്ക്കാലികമായി ജോലിയില്ലാതാവുകയോ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടീഷ് ഉന്നത വിദ്യാഭ്യാസ മേഖലയുടെ ആഗോള തലത്തിലുള്ള സാന്നിധ്യം തന്നെ ചോദ്യം ചെയ്യപ്പെടാവുന്ന നടപടികള്‍ ഒഴിവാക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.
ഗവേഷണങ്ങള്‍ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന റസ്സല്‍ ഗ്രൂപ്പ് ഓഫ് യൂണിവേഴ്‌സിറ്റികളില്‍ പെട്ട രണ്ട് യൂണിവേഴ്‌സിറ്റികള്‍ ഉള്‍പ്പടെ നാല് യൂണിവേഴ്‌സിറ്റികള്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചത്. ഏകദേശം 1000 ഓളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുന്നു എന്നാണ്. ചെലവു ചുരുക്കല്‍ നടപടികളുടെ ഭാഗമാണിതെന്നും അവര്‍ പറയുന്നു. ഏകദേശം തൊണ്ണൂറോളം യൂണിവേഴ്‌സിറ്റികള്‍ നിര്‍ബന്ധിത പിരിച്ചു വിടലും, സ്വമേധയാ ഉള്ള കൊഴിഞ്ഞു പോകലും ഒക്കെയായി നടപടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. വേതനവുമായി ബന്ധപ്പെട്ട ചിലവ് ചുരുക്കുന്നതിന്റെ നടപടികളുടെ ഭാഗമായിട്ടാണിത്.
വളരെ ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയുടെ നഴ്‌സിംഗ് കോഴ്‌സുകള്‍ വരെ നിര്‍ത്തലാക്കുന്ന സാഹചര്യമാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്. അതുപോലെ ഹ്യുമാനിറ്റി വിഭാഗത്തിലും ഏറെ തൊഴില്‍ നഷ്ടമുണ്ടാകും. അതിനിടയില്‍, ഫണ്ടിംഗ് പ്രതിസന്ധി നഴ്‌സിംഗ് കോഴ്‌സുകളെ പ്രതികൂലമായി ബാധിക്കുന്നതായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗും പരാതിപ്പെടുന്നു. നഴ്‌സ് ലക്ചര്‍മാര്‍ക്കും, മറ്റ് ഉന്നത നഴ്‌സിംഗ് വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും തൊഴില്‍ നഷ്ടപെടുന്ന സാഹചര്യമാണുള്ളത്. ഈ മേഖലയില്‍ 40,000 ഓളം ഒഴിവുകള്‍ ഉള്ളപ്പോഴും പുതിയ നിയമനങ്ങള്‍ താത്ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.
ശാസ്ത്രീയ ഗവേഷണങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്ന വെല്‍കം ട്രസ്റ്റും അതുപോലെ റോയല്‍ സൊസൈറ്റി ഫോര്‍ കെമിസ്ട്രിയും നല്‍കുന്ന മുന്നറിയിപ്പ്, ചെലവ് ചുരുക്കുവാനുള്ള ഇത്തരം ശ്രമങ്ങള്‍ ലോകത്തിലെ ശാസ്ത്രമേഖലയുടെ നേതാവ് എന്ന ബ്രിട്ടന്റെ പദവി ഇല്ലാതാക്കുമെന്നാണ്. 2019ന് ശേഷം കെമിസ്ട്രിയിലെ അണ്ടര്‍ ഗ്രാഡ്വേറ്റ് ഡിഗ്രി കോഴ്‌സുകളുടെ എണ്ണത്തില്‍ 25 ശതമാനത്തോളം കുറവാണ് വന്നിരിക്കുന്നത്. തങ്ങളുടെ സ്ഥാപനങ്ങളില്‍ കെമിസ്ട്രിക്ക് അപേക്ഷിക്കുന്നവര്‍ കുറഞ്ഞു വരികയാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ഹള്ളും പറയുന്നു.
അതേസമയം, യൂണിവേഴ്‌സിറ്റി മാനേജര്‍മാര്‍ പലരുടെയും ജീവനോപാധി ഇല്ലാതെയാക്കുന്നതിനെതിരെയും, കോഴ്‌സുകളുടെ ഗുണനിലവാാരം കുറയ്ക്കുന്നതിനെതിരെയും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് യൂണിവേഴ്‌സിറ്റി ആന്‍ഡ് കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ജോ ഗ്രാഡി ആവശ്യപ്പെട്ടു. തൊഴില്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ വൈസ് ചാന്‍സലര്‍മാര്‍ എടുത്തില്ലെങ്കില്‍, അതിനെ എതിര്‍ത്ത് സമരവുമായി മുന്നോട്ട് പോകുമെന്നും ഗ്രാഡി പറഞ്ഞു.
2017ലെ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍, ആഭ്യന്തര വിദ്യാര്‍ത്ഥികള്‍ക്കുള്ള അണ്ടര്‍ ഗ്രാഡ്വേറ്റ് ഫീസ് 9,250 ആക്കി മരവിച്ചപ്പോള്‍ മുതല്‍ യൂണിവേഴ്‌സിറ്റികളുടെ സാമ്പത്തിക നില തകരാന്‍ തുടങ്ങിയതായി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് പറയുന്നു. വിദേശ വിദ്യാര്‍ത്ഥികളുടെ ഫീസിനെ ആശ്രയിച്ച് മുന്നോട്ട് പോയിരുന്ന യൂണിവേഴ്‌സിറ്റികളും മുന്‍ സര്‍ക്കാരിന്റെ വീസ നയത്തെ തുടര്‍ന്ന് ദുരിതത്തിലായിരിക്കുകയാണ് എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ കുറഞ്ഞതാണ് പല യൂണിവേഴ്‌സിറ്റികളെയും സാമ്പത്തികമായി തകര്‍ത്തിരിക്കുന്നത്.
പ്രവേശനത്തിന് ഉയര്‍ന്ന മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കിയിരുന്ന പല പ്രമുഖ യൂണിവേഴ്‌സിറ്റികളും വിദേശ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് നിന്നതോടെ ഒഴിവുകള്‍നികത്തുന്നതിനായി മാനദണ്ഡങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തദ്ദേശീയരായ വിദ്യാര്‍ത്ഥികളെ ചേര്‍ക്കുകയാണ്. തദ്ദേശീയരായ വിദ്യാര്‍ത്ഥികളുടെ ഫീസ് 9,250 പൗണ്ടില്‍ നിന്നും വരുന്ന സെപ്റ്റംബര്‍ മുതല്‍ 9,535 പൗണ്ടായി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും ഈ മേഖലയില്‍ 2025ല്‍ 1.6 ബില്യണ്‍ പൗണ്ടിന്റെ ധനക്കമ്മി ഉണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.