• Thu. Oct 3rd, 2024

24×7 Live News

Apdin News

കുടുംബം ഉപേക്ഷിച്ച് മക്കൾ യോഗ സെന്ററിൽ ജീവിക്കുന്നു; സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനിൽ പൊലീസ് റെയ്ഡ്

Byadmin

Oct 3, 2024


സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഉടമസ്ഥതയിലുള്ള ഇഷ ഫൗണ്ടേഷനില്‍ പൊലീസ് റെയ്ഡ്. കോയമ്പത്തൂരിലെ തൊണ്ടാമുത്തൂരിലാണ് ഇഷ ഫൗണ്ടേഷൻ സ്ഥിതിചെയ്യുന്നത്. ജഗ്ഗി വാസുദേവിൻ്റെ ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളിൽ മദ്രാസ് ഹൈക്കോടതി റിപ്പോർട്ട് തേടിയതിന് തൊട്ടുപിന്നാലെ തമിഴ്‌നാട് പൊലീസിന്റെ റെയ്ഡ്. അഡീഷണൽ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള 150 ഉദ്യോഗസ്ഥരും മൂന്ന് ഡിഎസ്പിമാരും അടങ്ങുന്ന പൊലീസ് സംഘമാണ് പരിശോധന നടത്തുന്നത്.

പെൺമക്കൾ യോഗ സെന്ററിൽ കുടുംബം ഉപേക്ഷിച്ച് ജീവിക്കുന്നുവെന്ന കോയമ്പത്തൂർ സ്വദേശിയുടെ പരാതിയിലാണ് നടപടി. മുൻ പ്രൊഫസർ ഡോ. എസ് കാമരാജ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവിട്ടത്. കോയമ്പത്തൂർ റൂറൽ പൊലീസിനോടാണ് സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയത്. ഫൗണ്ടേഷനിൽ ചേരുന്നതിന് മുമ്പുള്ള പെൺമക്കളുടെ പ്രൊഫഷണൽ നേട്ടങ്ങൾ വിശദീകരിച്ചായിരുന്നു പിതാവിന്റെ ഹർജി.

അതേസമയം, പെൺമക്കൾ കോയമ്പത്തൂരിലെ ഇഷാ ഫൗണ്ടേഷനിൽ തടവിലാക്കപ്പെട്ടെന്നും, സംഘടന ആളുകളെ ബ്രെയിൻവാഷ് ചെയ്തു സന്യാസിമാരാക്കി കുടുംബവുമായുള്ള ബന്ധം ഇല്ലാതാക്കുകയുമാണ് ചെയ്യുന്നതെന്ന് പരാതിക്കാരൻ ഹർജിയിൽ ആരോപിച്ചു.

സ്വന്തം മകൾ വിവാഹിതയായി ജീവിക്കുമ്പോൾ മറ്റു യുവതികളെ സന്യാസത്തിനു നിർബന്ധിക്കുന്നത് എന്തിനാണെന്ന് ഫൗണ്ടേഷൻ്റെ സ്ഥാപകനായ ജഗ്ഗി വാസുദേവിനോട് കോടതി ചോദിച്ചു. മറ്റു യുവതികളെ തല മൊട്ടയടിക്കാനും ലൗകികജീവിതം ഉപേക്ഷിക്കാനും പ്രോത്സാഹിപ്പിക്കുന്നത് എന്തുകൊണ്ടാണെന്നും ജസ്റ്റിസുമാരായ എസ്എം സുബ്രഹ്മണ്യം, വി ശിവജ്ഞാനം എന്നിവർ ചോദിച്ചു.

കോയമ്പത്തൂരിലെ വെള്ളിയാങ്കിരി താഴ്‌വരയിലുള്ള സംഘടനയുടെ യോഗാ സെന്ററിൽ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നുവെന്നണ് യുവതികളുടെ വാദം. അച്ഛനമ്മമാരെ ഉപേക്ഷിച്ച് എന്ത് ആത്മീയത എന്നാണ് യുവതികളോട് കോടതി ചോദിച്ചത്. ഇക്കാര്യത്തിൽ ആഴത്തിലുള്ള അന്വേഷണം വേണമെന്നും കോടതി ആവശ്യപ്പെട്ടു. സമ്പൂർണ നീതി ഉറപ്പാക്കാനുള്ള 226 -ാം അനുഛേദം പ്രയോഗിക്കുന്നതായും കോടതി വ്യക്തമാക്കി.

By admin