Posted By: Nri Malayalee
February 12, 2025
![](https://i0.wp.com/www.nrimalayalee.com/wp-content/uploads/2025/02/Screenshot-2025-02-12-171525-640x393.png?resize=640%2C393)
സ്വന്തം ലേഖകൻ: കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന നിലവാരമുള്ള സ്‌കൂള്‍ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള പുതിയ വിദ്യാഭ്യാസ മോഡല്‍ രൂപീകരിക്കാനുള്ള പദ്ധതിയുമായി ഷാര്‍ജ ഭരണകൂടം. ഈ മാസം 23, 24 തീയതികളില്‍ നടക്കുന്ന ഷാര്‍ജ ഇന്റര്‍നാഷനല്‍ സമ്മിറ്റ് ഓണ്‍ എജുക്കേഷന്‍ ഇംപ്രൂവ്‌മെൻ്റിൻ്റെ (വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായുള്ള അന്താരാഷ്ട്ര ഉച്ചകോടി)നാലാം പതിപ്പില്‍ ഇക്കാര്യം ഗൗരവമായി ചര്‍ച്ച ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
പൊതുവെ, ഷാര്‍ജയിലെ സ്‌കൂളുകളില്‍ ദുബായ് സ്‌കൂളുകളേക്കാള്‍ കുറഞ്ഞ ട്യൂഷന്‍ ഫീസ് മാത്രമാണുള്ളത്. പ്രത്യേകിച്ച് ബ്രിട്ടീഷ്, അമേരിക്കന്‍ പാഠ്യപദ്ധതികള്‍ക്ക്. ദുബായ് സ്‌കൂളുകളെക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ ഫീസ് കുറവാണ് ഷാര്‍ജയില്‍. ദുബായില്‍ നിന്ന് വ്യത്യസ്തമായി, ഷാര്‍ജയില്‍ നിന്ന് വ്യത്യസ്തമായി, ഉത്തരാധുനിക സൗകര്യങ്ങളുള്ള ‘പ്രീമിയം’ സ്‌കൂളുകള്‍ കുറവാണ് എന്നതാണ് ഇതിന് കാരണം.
ചെലവ് കുറച്ച് നിലവാരം ഉയര്‍ത്തുന്നതിനുള്ള പുതിയ വിദ്യാഭ്യാസ മോഡല്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ, ഈ വരുന്ന ഉച്ചകോടിയില്‍ ആഗോള രംഗത്തെ മികച്ച സ്‌കൂളിംഗ് രീതികള്‍, നൂതന വിദ്യാഭ്യാസ മാതൃകകള്‍, ചെലവും മികവും സന്തുലിതമാക്കുന്നതിനുള്ള തന്ത്രങ്ങള്‍ എന്നിവ മേഖലയിലെ വിദഗ്ധരും നയരൂപീകരണം നടത്തുന്നവരും ചര്‍ച്ച ചെയ്യും.
‘ലോകത്തിൻ്റെ മറ്റു ഭാഗങ്ങളില്‍ വിദ്യാഭ്യാസം എങ്ങനെ നവീകരിക്കപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള ആശയങ്ങള്‍ ഉച്ചകോടി ചര്‍ച്ച ചെയ്യും. വിവിധ രാജ്യങ്ങള്‍ വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ വിദ്യാഭ്യാസച്ചെലവ് കുറയ്ക്കുന്നതില്‍ വിജയിച്ചതിൻ്റെ മാതൃകകളും ഉച്ച കോടി അവലോകനം ചെയ്യും’ ഷാര്‍ജ പ്രൈവറ്റ് എഡ്യൂക്കേഷന്‍ അതോറിറ്റിയുടെ സയന്റിഫിക് കമ്മിറ്റി ചെയര്‍മാനും വിദ്യാഭ്യാസത്തിലെ ഇന്നൊവേഷന്‍ ആന്‍ഡ് അഡ്വാന്‍സ്മെൻ്റ് സീനിയര്‍ ഉപദേഷ്ടാവുമായ വാജ്ദി മനായി പറഞ്ഞു.