• Wed. Jan 15th, 2025

24×7 Live News

Apdin News

കുവൈത്തിൽ കോർപറേറ്റ് ടാക്സ് നിയമം പ്രാബല്യത്തിൽ; 255 പ്രവാസി കമ്പനികൾക്ക് ബാധകം – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Jan 14, 2025


Posted By: Nri Malayalee
January 13, 2025

സ്വന്തം ലേഖകൻ: മൾട്ടിനാഷനൽ എന്റർപ്രൈസുകൾക്ക് (എംഎൻഇഎസ്) മേൽ 15 ശതമാനം നികുതി ചുമത്തി കൊണ്ടുള്ള പുതിയ നിയമം ലക്ഷ്യമിടുന്നത് രാജ്യത്തെ ബിസിനസ് സാഹചര്യം മെച്ചപ്പെടുത്താൻ. ഈ മാസം ആദ്യം പ്രാബല്യത്തിലായ നിയമം കുവൈത്തിൽ പ്രവർത്തിക്കുന്ന 255 പ്രവാസി കമ്പനികൾക്കുൾപ്പെടെ ബാധകമാകും.

അടുത്തിടെ കുവൈത്ത് മന്ത്രിസഭ പച്ചക്കൊടി വീശിയ കരട് നിയമം ഈ മാസം ആദ്യമാണ് പ്രാബല്യത്തിലായത്. അതേസമയം പുതിയ ടാക്സ് നിയമം കമ്പനികൾക്ക് സാമ്പത്തിക നേട്ടമോ ബാധ്യതയോ സൃഷ്ടിക്കുന്നില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.

കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ അംഗമായുള്ള ഓർഗനൈസേഷൻ ഫോർ ഇക്കോണമിക് കോ–ഓപറേഷൻ ആൻഡ് ഡവലപ്മെന്റ് (ഒഇസിഡി) 2023 ലാണ് രാജ്യാന്തര ടാക്സ് പരിഷ്കരണങ്ങൾക്ക് അംഗീകാരം നൽകിയത്. 2021 ൽ തന്നെ 135 ലധികം വരുന്ന അംഗ രാജ്യങ്ങൾ മൾട്ടിനാഷനൽ കോർപറേറ്റുകൾക്ക് 15 ശതമാനം നികുതി ചുമത്താനുള്ള രാജ്യാന്തര ടാക്സ് കരാർ അംഗീകരിച്ചിരുന്നു.

ഒന്നിലധികം രാജ്യങ്ങളിൽ അല്ലെങ്കിൽ അധികാരപരിധിയിൽ ബിസിനസ് ചെയ്യുന്ന കുവൈത്തിൽ പ്രവർത്തിക്കുന്ന മൾട്ടിനാഷനൽ എന്റർപ്രൈസുകൾക്കാണ് നിയമം ബാധകമാകുന്നത്. ഇത്തരത്തിൽ മൂന്നൂറോളം കമ്പനികളാണ് രാജ്യത്തുള്ളത്. ഇവയിൽ 45 എണ്ണം സ്വദേശികളുടെയും ഗൾഫ് ഗ്രൂപ്പുകളുടെയും 255 എണ്ണം പ്രവാസികളുടേതുമാണ്. മലയാളികൾ ഉൾപ്പെടെയുള്ള മൾട്ടി നാഷനൽ കമ്പനി ഉടമകൾ ടാക്സ് നൽകണം.

ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുക,വരുമാനം വൈവിധ്യവൽക്കരിക്കുക, എണ്ണ വരുമാനങ്ങളിലുള്ള ആശ്രയത്വം കുറയ്ക്കുക, മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന സമ്പദ് വ്യവസ്ഥ വാർത്തെടുക്കുക, ഭാവിയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുക, വികസനങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുക, ആഗോള മാനദണ്ഡങ്ങൾ പാലിക്കുക, എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

നിയമം നടപ്പാക്കുന്നതിലൂടെ ടാക്സ് ഇനത്തിൽ പ്രതിവർഷം 250 മില്യൻ കുവൈത്ത് ദിനാർ (800 മില്യൻ യുഎസ് ഡോളർ) വരുമാനം ലക്ഷ്യമിടുന്നതായി കുവൈത്ത് ധന–സാമ്പത്തിക മന്ത്രി നോറ അൽ ഫസാം വ്യക്തമാക്കി. രാജ്യത്തിന്റെ എണ്ണ ഇതര വരുമാനം വൈവിധ്യവൽക്കരിക്കാൻ ലക്ഷ്യമിട്ട് മൾട്ടിനാഷനൽ എന്റർപ്രൈസുകൾക്ക് മേൽ നികുതി ചുമത്തിയത് നല്ലൊരു മാതൃകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സമ്പദ് വ്യവസ്ഥയുടെ വൈവിധ്യവൽക്കരണം, നിയമനിർമാണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, വിദേശ നിക്ഷേം ആകർഷിക്കുക, യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് സർക്കാരിന്റെ കർമ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ആഗോള തലത്തിലുള്ള നികുതി വെട്ടിക്കലിന് തടയിടാനും നിയമം സഹായകമാകും. രാജ്യാന്തര ടാക്സ് സംവിധാനത്തിലെ ചില പഴുതുകൾ അടയ്ക്കുന്നതാണ് പുതിയ നിയമം.അതേസമയം നേരിട്ടുള്ള വിദേശ നിക്ഷേപത്തെ ആകർഷിക്കാനുള്ള കുവൈത്തിന്റെ ശേഷിയെ ബാധിക്കില്ലെന്നും മന്ത്രി വിശദമാക്കി.

By admin