Posted By: Nri Malayalee
February 2, 2025
സ്വന്തം ലേഖകൻ: കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഞായറാഴ്ച ബയാൻ പാലസിൽ പതാക ഉയർത്തുന്നതോടെ കുവൈത്ത് ദേശീയ ദിനാഘോഷ പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കമാകും. രാജ്യത്തെ ആറ് ഗവർണറേറ്റിലും പ്രത്യേകം പതാക ഉയർത്തൽ ചടങ്ങ് നടക്കും. രാവിലെ പത്തിനാണ് ബയാൻ പാലസിലെ പതാക ഉയർത്തൽ ചടങ്ങ്.
64ാമത് ദേശീയ ദിനവും 34ാമത് വിമോചന ദിനവുമാണ് രാജ്യം ആഘോഷിക്കാൻ ഒരുങ്ങുന്നത്. ആഘോഷത്തിനുള്ള ഒരുക്കം പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി. ഈ വർഷത്തെ ആഘോഷങ്ങൾക്ക് കുവൈത്തിന് അറബ് സാംസ്കാരിക തലസ്ഥാന പദവി ലഭിച്ച പശ്ചാത്തലമുണ്ട്.
ഫെബ്രുവരി 25, 26 ദിവസങ്ങളിലാണ് രാജ്യം ദേശീയ-വിമോചന ദിനമായി ആഘോഷിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷങ്ങൾക്ക് തുടക്കമിട്ട് കൊടിതോരണങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ എല്ലായിടങ്ങളിലും ഇവ ദൃശ്യമായി തുടങ്ങും.
ഒരുമാസമായി നടക്കുന്ന ആഘോഷത്തിൽ രാജ്യത്തെ ടൂറിസം, ഷോപ്പിങ് മേഖലക്ക് ഉണർവേകുന്ന നിരവധി പരിപാടികളുണ്ടാവും. തെരുവുകളും സർക്കാർ കെട്ടിടങ്ങളും അമീറിന്റെയും കിരീടാവകാശിയുടെയും കുവൈത്ത് പതാകയുടെയും ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കും.
1961 ജൂൺ 19നാണ് കുവൈത്ത് ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയത്. ഈ ദിനത്തിലാണ് രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിച്ചിരുന്നത്. 1964ൽ ആഘോഷം ഫെബ്രുവരി 25ലേക്ക് മാറ്റി. രാജ്യത്തിന് സ്വാതന്ത്ര്യത്തിലേക്ക് വഴികാണിച്ച, ആധുനിക കുവൈത്തിന്റെ ശിൽപി എന്നറിയപ്പെടുന്ന, 11ാമത് ഭരണാധികാരി അമീർ ശൈഖ് അബ്ദുല്ല അൽസാലിം അസ്സബാഹിന്റെ സ്ഥാനാരോഹണം നടന്ന ഫെബ്രുവരി 25ന്റെ സ്മരണയിലാണ് ഈ ദിവസം ദേശീയ ദിനാഘോഷമായി നിശ്ചയിച്ചത്.
1991 ഫെബ്രുവരി 26ന് ഇറാഖി അധിനിവേശത്തിൽ മുക്തി നേടിയതിന്റെ ഓർമക്കാണ് വിമോചന ദിനം ആഘോഷിക്കുന്നത്. ഇതോടെ ഫെബ്രുവരി 25, 26 തീയതികൾ രാജ്യത്തിന് ദേശീയ ആഘോഷദിനങ്ങളായി മാറി.