Posted By: Nri Malayalee
January 16, 2025
സ്വന്തം ലേഖകൻ: ബയോമെട്രിക് വിരലടയാള പ്രക്രിയ ക്രേന്ദങ്ങള്‍ ഈ മാസം 31 വരെ രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ട് വരെ പ്രവര്‍ത്തിക്കുമെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് ക്രിമിനല്‍ എവിഡന്‍സ് വിഭാഗം അറിയിച്ചു. ആറ് ഗവര്‍ണറേറ്റുകളിലും ആഭ്യന്തര മന്ത്രാലയത്തിന്‍റെ ബയോമെട്രിക് കേന്ദ്രങ്ങള്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നുണ്ട്. റജിസ്‌ട്രേഷന്‍റെ എണ്ണം ക്രമാനുഗതമായി വർധിച്ചിട്ടുണ്ടന്ന് അധികൃതര്‍ അറിയിച്ചു.
വിദേശികളില്‍ ഒന്നര ലക്ഷത്തോളം പേര്‍ ഇനിയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. സ്വദേശികള്‍ 16,000 ഉം പൗരത്വരഹിതര്‍ 70,000 പേരും ബയോമെട്രിക് എടുക്കാനുണ്ട്. സ്വദേശികളില്‍, വിദേശത്ത് പഠിക്കുന്നവര്‍, നയതന്ത്ര പ്രതിനിധികള്‍ അടക്കമുള്ളവരും, കൂടാതെ സാമ്പത്തികമോ ക്രിമിനല്‍ കേസുകളോ കാരണം നിയമനടപടികള്‍ ഒഴിവാക്കുന്ന വ്യക്തികളുമാണ്.
വിദേശികളില്‍ നാട്ടിലുള്ളവരും, കേസുകളോ താമസ-കുടിയേറ്റ നിയമ ലംഘനങ്ങളോ കാരണം റജിസ്റ്റര്‍ ചെയ്യാത്തവരുമാണ്. നിലവില്‍ രാജ്യത്തേക്ക് പ്രവേശിക്കുന്ന 18 വയസ്സ് തികഞ്ഞ എല്ലാവരുടെയും ബയോമെട്രിക് വിമാനത്താവളത്തില്‍ വച്ച് തന്നെ എടുത്ത് വരുന്നുണ്ട്.