Posted By: Nri Malayalee
January 2, 2025
സ്വന്തം ലേഖകൻ: എമിറേറ്റ്സ് എയർലൈൻ കുവൈത്ത്, ബഹ്റൈൻ സെക്ടറുകളിലെ സർവീസിന് എയർബസ് എ350 വിമാനങ്ങൾ ഉപയോഗിക്കുന്നു. ഒരേസമയം 312 പേർക്ക് യാത്ര ചെയ്യാവുന്ന വലിയ വിമാനം ഈ മാസം 8 മുതലായിരിക്കും ഈ സെക്ടറുകളിൽ സർവീസിന് ഉപയോഗിക്കുക.
കുവൈത്തിലേക്കും ബഹ്റൈനിലേക്കും രണ്ടു എ350 വിമാനങ്ങൾ വീതം സർവീസ് നടത്തും. ഇതിൽ 32 ബിസിനസ് ക്ലാസ്, 21 പ്രീമിയം ഇക്കോണമി, 259 ഇക്കോണമി സീറ്റുകളാണുള്ളത്. നിലവിൽ കുവൈത്തിലേക്കു ആഴ്ചയിൽ 29ഉം ബഹ്റൈനിലേക്ക് 22ഉം വിമാന സർവീസുകൾ എമിറേറ്റ്സ് നടത്തുന്നുണ്ട്.
അതേസമയം ക്രിസ്മസ്, പുതുവർഷം, ഓണം, വിഷു, പെരുന്നാൾ, വിവാഹം തുടങ്ങി വിശേഷ ദിവസങ്ങൾ ഉറ്റവരോടൊപ്പം ആഘോഷിക്കാനുള്ള തയാറെടുപ്പിൽ ഒരാഴ്ചത്തേക്കും രണ്ടാഴ്ചത്തേക്കും നാട്ടിലേക്കു പോകുന്ന മലയാളികളുടെ എണ്ണം കൂടിവരികയാണ്.
പ്രധാന ടൂറിസം കേന്ദ്രമായ യുഎഇയിലേക്ക് മുൻകാലങ്ങളെ അപേക്ഷിച്ച് സീസൺ ഭേദമന്യേ യാത്രക്കാരുണ്ട്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ, ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ, ലിവ ഫെസ്റ്റിവൽ, ഷാർജ ഇവന്റ്സ് ഫെസ്റ്റിവൽ, ക്രിസ്മസ്, പുതുവർഷം തുടങ്ങി യുഎഇയിൽ ഉത്സവകാലമായതിനാൽ പ്രവാസികളുടെ ബന്ധുക്കൾ യുഎഇയിലേക്ക് വരുന്നതും വർധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ യുഎഇ-കേരള-യുഎഇ സെക്ടറുകളിൽ സീസൺ വ്യത്യാസമില്ലാതെ എല്ലാ കാലത്തും ശരാശരി യാത്രക്കാരുണ്ട്.
വിമാന കമ്പനികളുടെ മറ്റു സെക്ടറുകളിലെ നഷ്ടം നികത്തുന്നതും ഗൾഫ്-കേരള സെക്ടറിലെ ലാഭം വഴിയാണ്. അതിനാൽ പീക്ക് സീസൺ എന്ന ഓമനപ്പേരിട്ട് വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.