• Tue. Jan 21st, 2025

24×7 Live News

Apdin News

കൂട്ട നാടുകടത്തൽ, തീരുവ, ട്രാൻസ്‌ജെൻഡർ വിലക്ക്; ആദ്യം ട്രംപിന്റെ ഒപ്പ് വീഴുന്നത് ഏത് ഉത്തരവിൽ? – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Jan 20, 2025


സ്വന്തം ലേഖകൻ: വീണ്ടും യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്നതോടെ അമേരിക്കയിൽ ചില മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ട്രംപിന്റെ ഇമിഗ്രേഷൻ പദ്ധതികൾ അദ്ദേഹത്തിന്റെ അജണ്ടയുടെ പ്രധാന ഭാഗമാണ്. രേഖകളില്ലാത്ത കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് കൂട്ട നാടുകടത്തൽ പരിപാടി ആരംഭിക്കുമെന്ന് ട്രംപ് തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം നൽകിയിരുന്നു.

കുറ്റവാളികളെ പുറത്തുകൊണ്ടുവരാൻ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ പരിപാടി ആദ്യ ദിവസം മുതൽ ഞാൻ ആരംഭിക്കുമെന്നാണ് ന്യൂയോർക്ക് സിറ്റിയിൽ നടന്ന റാലിയിൽ ട്രംപ് പറഞ്ഞത്. ഈ വാഗ്ദാനം വലിയ വെല്ലുവിളി നിറഞ്ഞതാണ് രാജ്യത്തിന് സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്ന് ഇമിഗ്രേഷൻ വക്താക്കൾ വാദിക്കുന്നുണ്ട്.

14-ാം ഭേദഗതി പ്രകാരം യുഎസിൽ ജനിച്ച ആർക്കും നൽകുന്ന ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുമെന്നും ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ നീക്കം നിയമപരമായ വെല്ലുവിളികൾ നേരിടേണ്ടിവരും. ആദ്യ ദിവസം തന്നെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ‘തീർച്ചയായും’ എന്നായിരുന്നു ട്രംപിന്റെ മറുപടി.

2021 ജനുവരി 6 ന് യുഎസ് ക്യാപിറ്റൾ ഹില്ലിനു നേരെയുണ്ടായ ആക്രമണത്തിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് മാപ്പ് നൽകുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ട്. അധികാരമേറ്റ ആദ്യ ദിവസം ഇത് നടപ്പാക്കുമെന്ന് വാഗ്ദാനം. ജനുവരി ആറിന് നടന്ന ആക്രമണത്തിൽ ഉൾപ്പെട്ടവർക്ക് മാപ്പ് നൽകുന്നത് നിയമവാഴ്ചയെ തകർക്കുമെന്ന് പലരും വാദിച്ചതോടെ ഈ നീക്കം വിവാദത്തിന് കാരണമായി.

വിദേശനയത്തിന്റെ കാര്യത്തിൽ, അധികാരമേറ്റ് 24 മണിക്കൂറിനുള്ളിൽ അല്ലെങ്കിൽ അതിനുമുൻപ് തന്നെ യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്ന് ട്രംപ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അത് പരിഹരിക്കപ്പെടാൻ പോകുന്ന ഒരു യുദ്ധമാണ്. ഞാൻ പ്രസിഡന്റാകുന്നതിന് മുൻപ് തന്നെ അത് പരിഹരിക്കുമെന്ന് തിരഞ്ഞെടുപ്പ് കാലത്ത് എതിർ സ്ഥാനാർഥി കമല ഹാരിസുമായുള്ള സംവാദത്തിനിടെ ട്രംപ് പറഞ്ഞത്.

അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളായ മെക്‌സിക്കോയിൽ നിന്നും കാനഡയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തുമെന്നും ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ നീക്കം സാമ്പത്തിക വിദഗ്ധർക്കിടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇത്തരം താരിഫുകൾ യുഎസ് സമ്പദ്‌വ്യവസ്ഥയിൽ കടുത്തതും ദോഷകരവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വാദിക്കുന്നു.

ഫോക്‌സ് ന്യൂസ് അവതാരക സീൻ ഹാനിറ്റിയുമായുള്ള ടൗൺ ഹാൾ അഭിമുഖത്തിനിടെ ‘ഡ്രിൽ, ഡ്രിൽ, ഡ്രിൽ’ എന്ന് പറഞ്ഞുകൊണ്ട് അമേരിക്കയിൽ ക്രൂഡ് ഓയിൽ ഖനനം വർധിപ്പിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. ട്രംപിന്റെ അഭിപ്രായത്തിൽ, യുഎസിൽ എണ്ണ ഉൽപാദനം വർധിപ്പിക്കുന്നത് ഊർജ ചെലവ് ഗണ്യമായി കുറയ്ക്കുന്നതിന് സഹായിക്കും. ഈ നീക്കം പരിസ്ഥിതി വാദികൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വർധിച്ച എണ്ണ ഖനനം കാലാവസ്ഥാ വ്യതിയാനം വർധിപ്പിക്കുമെന്നാണ് ഇവരുടെ വാദം

ട്രാൻസ്‌ജെൻഡറുകളുടെ അവകാശങ്ങൾ സംബന്ധിച്ച ട്രംപിന്റെ നിലപാട് വിവാദമാണ്. ട്രാൻസ്‌ജെൻഡർ സ്ത്രീകളെ പുരുഷൻമാരായി പരാമർശിക്കുകയും സ്ത്രീകളുടെ കായികരംഗത്ത് ട്രാൻസ്‌ജെൻഡർ സ്ത്രീകൾ പങ്കെടുക്കുന്നത് വിലക്കുമെന്നും ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ട്

അമേരിക്കൻ വാഹന വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുമെന്നാണ് ട്രംപ് നൽകുന്ന മറ്റൊരു വാഗ്ദാനം. ഈ നീക്കം വാഹന വ്യവസായത്തിലെ ചിലരിൽ ആവേശം ജനിപ്പിച്ചിട്ടുണ്ട്. അവർ ട്രംപിന്‍റെ വാഗ്ദാനങ്ങൾ അമേരിക്കൻ വാഹന വ്യവസായ രംഗത്ത് മുന്നേറ്റത്തിനുള്ള സാധ്യതയായി കാണുന്നു.

ട്രംപ് അധികാരമേറ്റതിന് ശേഷം, ഈ വാഗ്ദാനങ്ങളിൽ ഏതാണ് അദ്ദേഹം മുൻഗണന നൽകുകയെന്നും അവ എങ്ങനെ നടപ്പാക്കുമെന്നും ഇതുവരെ ഉറപ്പായിട്ടില്ല. അതേസമയം ട്രംപ് എടുക്കുന്ന തീരുമാനങ്ങൾ അമേരിക്കയുടെ ഭാവി രൂപപ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

By admin