• Sat. Nov 8th, 2025

24×7 Live News

Apdin News

കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; ഉത്തരവ് ഉടന്‍ പുറത്തിറങ്ങും

Byadmin

Nov 8, 2025



കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; ഉത്തരവ് ഉടന്‍ പുറത്തിറങ്ങും

റിട്ട. ചീഫ് സെക്രട്ടറി കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റ്. ഇന്നുചേര്‍ന്ന സിപിഐഎം സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കെ ജയകുമാര്‍ നിലവില്‍ ഐഎംജി ഡയറക്ടറാണ്. കെ ജയകുമാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തുള്‍പ്പെടെ സംശയ നിഴലില്‍ നില്‍ക്കുമ്പോഴാണ് സിപിഐഎമ്മിന്റെ ഈ സുപ്രധാന നീക്കം.

സ്വര്‍ണക്കൊള്ള വിവാദക്കാലത്ത് ദേവസ്വം ബോര്‍ഡിനെ നയിക്കാന്‍ പരിചയ സമ്പന്നനായ ഒരാള്‍ വേണമെന്നത് മുന്‍നിര്‍ത്തിയുള്ള സിപിഐഎമ്മിന്റെ അന്വേഷണം കെ ജയകുമാറിലാണ് എത്തിനിന്നത്. ബരിമലയിലെ സ്‌പെഷ്യല്‍ കമ്മീഷണര്‍ അടക്കമുള്ള സുപ്രധാന പദവികളും ജയകുമാര്‍ വഹിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ അടുത്ത പ്രസിഡന്റാരെന്നതില്‍ സിപിഐഎം സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചൂടുപിടിക്കുകയും ജയകുമാറിന്റെ പേരിലേക്കാണ് നേതാക്കള്‍ എത്തിച്ചേര്‍ന്നതെന്നും സിപിഐഎം നേതാക്കള്‍ തന്നെ ട്വന്റിഫോറിനോട് സ്ഥിരീകരിക്കുകയായിരുന്നു. ചീഫ് സെക്രട്ടറി സ്ഥാനം കൂടാതെ ടൂറിസം സെക്രട്ടറി, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍, കേരള സ്റ്റേറ്റ് ഫിലിം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ എംഡി, എം ജി യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ തുടങ്ങി നിരവധി പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. കൂടാതെ പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര ഗാനരചയിതാവുമാണ്.

സ്വര്‍ണക്കൊള്ള വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നിലവിലെ ബോര്‍ഡിന്റെ കാലാവധി നീട്ടി നല്‍കേണ്ടെന്ന് ധാരണയായതിനാലാണ് പുതിയ ദേവസ്വം പ്രസിഡന്റിനെ പാര്‍ട്ടി തീരുമാനിച്ചത്. മുന്‍ എം പി എ.സമ്പത്തിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും റിപ്പോര്‍ട്ട് വന്നിരുന്നു. ബോര്‍ഡിലേക്കുള്ള സിപിഐ പ്രതിനിധിയായി തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ അംഗം വിളപ്പില്‍ രാധാകൃഷ്ണനെ തീരുമാനിച്ചിട്ടുണ്ട്.

By admin