മനാമ: ഗള്‍ഫ് മലയാളി ഫെഡറേഷനും ട്ടാല്‍റോപും സംയുക്തമായി ‘കേരളം ഒരു സില്‍ക്കണ്‍വാലി’ എന്ന വിഷയത്തില്‍ വിശദീകരണ സംഗമം സംഘടിപ്പിച്ചു. ബഹ്‌റൈന്‍ ഡിപ്ലോമറ്റിക് റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടന്ന സംഗമത്തില്‍ ട്ടാല്‍റോപ് ഫൗണ്ടര്‍ അംഗവും സിഎഫ്ഒയുമായ അനസ് അബ്ദുല്‍ ഗഫൂര്‍ വിഷയത്തെ കുറിച്ച് സംസാരിച്ചു.
‘നമ്മുടെ തലമുറ ഇനി അമേരിക്കയില്‍ പോകേണ്ട കാര്യമില്ല. കേരളത്തിലേക്ക് വരട്ടെ. ഫേസ്ബുക്കും, ഗൂഗിളും, ആമസോണും, മറ്റു കമ്പനികളും ഇന്ത്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്നത്. 140 കോടി ജനങ്ങളുള്ള ഇന്ത്യ ഏറ്റവും വലിയ മാര്‍ക്കറ്റ് ആണ് എന്ന തിരിച്ചറിവ് തന്നെയാണ് വന്‍കിട കമ്പനികള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കണ്ണു വയ്ക്കുന്നത്. അതിന് ലോകത്തിനുള്ള മറുപടിയാണ് തിരുവനന്തപുരം ജില്ലയില്‍ കല്ലറ പാങ്ങോട് എന്ന പ്രദേശത്ത് തുടങ്ങിയ ട്ടാല്‍റോപ് എന്ന കമ്പനി.’, അനസ് അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു.
ട്ടാല്‍റോപ് പ്രവര്‍ത്തനങ്ങള്‍ പ്രവാസികള്‍ക്ക് വിശദീകരിക്കാന്‍ വേണ്ടിയാണ് പരിപാടി നടന്നത്. പദ്ധതികള്‍ ഏതൊക്കെ രീതിയിലാണ് നടപ്പാക്കിയതെന്നും അനസ് അബ്ദുല്‍ ഗഫൂര്‍ വിവരിച്ചു. കേരളത്തിലുടനീളമുള്ള പഞ്ചായത്തുകളില്‍ തുടക്കം കുറിച്ച വില്ലേജ് പാര്‍ക്കുകളിലൂടെയും സ്‌കൂള്‍, കോളേജുകളിലൂടെയും കഴിവുള്ള കുട്ടികളെ കണ്ടെത്തി പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ട്ടാല്‍റോപില്‍ നിന്ന് സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം.
കേരളത്തില്‍ നിന്ന് പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ സൃഷ്ടിക്കുകയും അത് മറ്റു സംസ്ഥാനങ്ങള്‍, ജിസിസി രാജ്യങ്ങള്‍ എന്നിവയലൂടെ ലോകത്തിന്റെ മുന്നിലെത്തിക്കുക എന്നതാണ് ട്ടാല്‍റോപ് ലക്ഷ്യമിടുന്നത്. പത്തുവര്‍ഷമായി നിരവധി പ്രതിഭകളായ കുട്ടികളെ കണ്ടെത്തുകയും അവരുടെ കഴിവുകള്‍ പല സ്റ്റാര്‍ട്ടപ്പുകളായി ഇന്ന് ലോക മാര്‍ക്കറ്റിലേക്ക് എത്തിക്കാനും കഴിഞ്ഞു.
ചര്‍ച്ചാ പരിപാടിയില്‍ ബഹ്‌റൈനിലെ പൊതുസമൂഹത്തിലെ സംഘടന നേതാക്കന്മാരും ബിസിനസ് രംഗത്ത് നിന്നുള്ളവരും കുടുംബങ്ങളും പങ്കെടുത്തു. ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ജിസിസി പ്രസിഡന്റ് ബഷീര്‍ അമ്പലായി സദസ്സിനെ സ്വാഗതം ചെയ്തു. ജിസിസി ചെയര്‍മാന്‍ റാഫി പാങ്ങോട്, ബഹ്റൈന്‍ പ്രസിഡന്റ് നജീബ് കടലായി, ജനറല്‍ സെക്രട്ടറി കാസിം പാടത്തില്‍ നേതൃത്വം വഹിച്ചു. ട്ടാല്‍റോപ് പ്രതിനിധികള്‍ക്ക് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ജിസിസി കമ്മറ്റിയുടെ പ്രവര്‍ത്തന സര്‍ട്ടിഫിക്കറ്റ് നല്‍കി. ജാസിം ബീരാന്‍ നന്ദി അറിയിച്ചു.
The post ‘കേരളം ഒരു സില്‍ക്കണ്‍വാലി’; പുത്തന്‍ ആശയങ്ങളുടെ സംഗമം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.