• Sun. Dec 14th, 2025

24×7 Live News

Apdin News

കേരളത്തിന്റെ ഉള്ളടക്കം യുഡിഎഫ്; കെഎംസിസി ബഹ്റൈന്‍

Byadmin

Dec 13, 2025


മനാമ: കേരളത്തിന്റെ ഉള്ളടക്കം യുഡിഎഫാണെന്ന് വ്യക്തമാക്കി വോട്ടര്‍മാര്‍ വിധി എഴുതിയ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്നത്തേതെന്ന് കെഎംസിസി ബഹ്റൈന്‍. ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകള്‍ക്ക് പുറമെ മുനിസിപ്പല്‍ കോര്‍പറേഷനുകളിലും ശക്തമായ ആധിപത്യത്തോടെയാണ് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം കരസ്ഥമാക്കിയത്.

മതേതര മൂല്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ടുള്ള കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും നിലപാടുകള്‍ക്ക് ജനാധിപത്യവിശ്വാസികളായ മലയാളികള്‍ നല്‍കിയ അംഗീകാരം ആണ് ഈ തിളക്കമുള്ള വിജയത്തിന് നിദാനം എന്ന് കെഎംസിസി ബഹ്റൈന്‍ ആക്ടിങ് പ്രസിഡന്റ് എപി ഫൈസലും ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങരയും പറഞ്ഞു.

പിണറായി വിജയന്റെയും സിപിഎമ്മിന്റെയും വര്‍ഗീയ വാദികളെ താലോലിച്ചു കൊണ്ടുള്ള വിഭജന രാഷ്ട്രീയത്തിന് കേരള ജനത നല്‍കിയ കൃത്യതയാര്‍ന്ന താക്കീത് ആണ് തെരഞ്ഞെടുപ്പ് ഫലം എന്ന് കെഎംസിസി വിലയിരുത്തി. പ്രവാസികളെ അടക്കം വഞ്ചിച്ചു കൊണ്ടുള്ള എല്‍ഡിഎഫ് ഭരണത്തിന് അറുതി വരുത്താനുള്ള ജനവിധിയാണിത്. സിപിഎം വിതച്ചത് ബിജെപി കൊയ്യുന്ന ദൗര്‍ഭാഗ്യ കാഴ്ച്ചക്ക് പിണറായി മറുപടി പറയണം.

ബിജെപിക്ക് പാലം ഒരുക്കിയവര്‍ കേരളത്തിന്റെ മതേതരത്തെയാണ് കൊഞ്ഞനം കുത്തിയത്. അനുഭവങ്ങളില്‍ നിന്നു പാഠം പഠിക്കാന്‍ സിപിഎം തയ്യാറായാല്‍ നന്ന്. കേരളത്തിലെ ത്രിതല തദ്ദേശ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലെ റെക്കോര്‍ഡ് വിജയം യുഡിഎഫിനു സമ്മാനിച്ച മുഴുവന്‍ വോട്ടര്‍മാരെയും അഭിനന്ദിക്കുന്നതായി കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു.

കെഎംസിസി ബഹ്റൈന്റെ പ്രതിനിധികളായി മത്സരിച്ച മൂന്ന് സ്ഥാനാര്‍ഥികളും മിന്നുന്ന ജയം നേടിയതായി കെഎംസിസി നേതാക്കള്‍ പറഞ്ഞു. കെഎംസിസി മുന്‍ സ്റ്റേറ്റ് സെക്രട്ടറി അലി കൊയിലാണ്ടി, മലപ്പുറം മുന്‍ ജില്ല സെക്രട്ടറി സലാം മമ്പാട്ടു മൂല, ജിദ്അലി ഏരിയ മുന്‍ സെക്രട്ടറി ശിഹാബ് നിലമ്പൂര്‍ എന്നിവരാണ് വിജയിച്ചവര്‍. ഇന്ന് രാത്രി 8 മണിക്ക് മനാമ കെഎംസിസി ആസ്ഥാനത്തു നടക്കുന്ന വിജയാരവം പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി കെഎംസിസി നേതാക്കള്‍ അറിയിച്ചു.

 

The post കേരളത്തിന്റെ ഉള്ളടക്കം യുഡിഎഫ്; കെഎംസിസി ബഹ്റൈന്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin