
കേരളത്തിൽ നിന്ന് മാത്രമായി 100 കോടി രൂപ കളക്റ്റ് ചെയ്യുന്ന ആദ്യ ചിത്രമായി മോഹൻലാലിൻറെ ‘തുടരും’. അടുത്തിടെ കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന നേട്ടം ‘2018 എവരി വൺ ഈസ് എ ഹീറോ’ എന്ന ചിത്രത്തിന്റെ പക്കൽ നിന്നും തുടരും സ്വന്തമാക്കിയിരുന്നു.
പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ ഏറെ പ്രതീക്ഷകളോടെ പാൻ ഇന്ത്യൻ റിലീസിനെത്തിയ മോഹൻലാലിന്റെ തന്നെ എമ്പുരാൻ വേൾഡ് വൈഡ് ഇൻഡസ്ട്രി ഹിറ്റ് ആയിട്ടും കേരളത്തിൽ 2018 ന്റെ കളക്ഷൻ മറികടക്കാനോ 100 കൊടിയെന്ന ചരിത്ര നേട്ടത്തിലേക്കെത്താനോ സാധിച്ചിരുന്നില്ല.
റിലീസ് ചെയ്ത് 11 ദിവസം പിന്നടുമ്പോൾ ആണ് ചിത്രത്തിന്റെ അഭിമാന നേട്ടമെന്നത് ശ്രദ്ധേയമാണ്. വാർത്ത പങ്കുവെച്ചത് സംവിധായകൻ തരുൺ മൂർത്തിയും നിർമാണ കമ്പനിയായ രജപുത്ര വിഷ്വൽ മീഡിയയുമാണ്. മോഹൻലാലിനൊപ്പം ശോഭന, ബിനു പപ്പു, പ്രകാശ് വർമ്മ, മണിയൻ പിള്ള രാജു, ഇർഷാദ് അലി എന്നിവരും തുടരുമിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു.
2018 ന്റെ കളക്ഷൻ തുടരും മറികടന്നുവെന്ന വാർത്ത പങ്കുവെച്ച ഒരു പിൻസ്റ്റാഗ്രാം പേജിന്റെ കമന്റ് ബോക്സിൽ 2018 ന്റെ സംവിധായകനായ ജൂഡ് ആന്റണി ജോസഫ് ഇട്ട കമന്റ് ഏറെ വൈറൽ ആയിരുന്നു. മോഹൻലാലിനെ വെച്ച് ഈ റെക്കോർഡ് ഞാൻ തന്നെ തൂക്കും എന്നായിരുന്നു ജൂഡിന്റെ കമന്റ്.