സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനായി തിരഞ്ഞെടുത്തതിൽ നന്ദി പറഞ്ഞ് മമ്മൂട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നന്ദി അറിയിച്ചത്. അവിസ്മരണീയ യാത്ര സമ്മാനിച്ചതിൽ ഭ്രമയുഗം ടീമിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. മറ്റു അവാർഡ് ജേതാക്കളെ അദ്ദേഹം അഭിനന്ദിച്ചു.
”ഷംല ഹംസ, ആസിഫ്, ടൊവിനോ, സൗബിൻ, സിദ്ധാർഥ്, ജ്യോതിർമയി, ലിജോ മോൾ, ദർശന, ചിദംബരം, മഞ്ഞുമ്മൽ ബോയ്‌സ് ടീം, ബൊഗെയ്ൻവില്ല, പ്രേമലു അടക്കം മുഴുവൻ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾക്കും അഭിനന്ദനങ്ങൾ. ഇത്രയും അവിസ്മരണീയ യാത്ര സമ്മാനിച്ച ഭ്രമയുഗം ടീമിന് നന്ദി. കൊടുമൺ പോറ്റിയെ ഇത്രയധികം സ്‌നേഹത്തോടെ സ്വീകരിച്ച പ്രേക്ഷകർക്ക് ഈ അംഗീകാരം വിനയപൂർവം സമർപ്പിക്കുന്നു”- മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് മമ്മൂട്ടി ആയിരുന്നു. ഭ്രമയുഗത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് അവാർഡ് ലഭിച്ചത്. ‘ഫെമിനിച്ചി ഫാത്തിമ’യിലെ അഭിനയത്തിന് ഷംല ഹംസ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥാകൃത്ത് തുടങ്ങി 10 അവാർഡുകളാണ് മഞ്ഞുമ്മൽ ബോയ്‌സ് നേടിയത്.