• Tue. Feb 11th, 2025

24×7 Live News

Apdin News

കൊല്ലം കോര്‍പറേഷന്‍ മേയര്‍ പ്രസന്ന ഏണെസ്റ്റ് രാജിവെച്ചു

Byadmin

Feb 11, 2025





കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ് രാജിവെച്ചു. ഇടതു മുന്നണി ധാരണ പ്രകാരമാണ് മേയര്‍ സ്ഥാനത്ത് നിന്നുള്ള രാജി. ഇനിയുള്ള 7 മാസം സിപിഐക്ക് മേയര്‍ സ്ഥാനം ലഭിക്കും. കൊല്ലത്തെ മഹാനഗരമാക്കുവാനാണ് ശ്രമിച്ചതെന്ന് രാജിപ്രഖ്യാപനത്തിന് മുന്‍പുള്ള കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു.

ഇടതു മുന്നണി ധാരണ പ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും മേയര്‍ സ്ഥാനം സിപിഐഎം പ്രതിനിധി പ്രസന്ന ഏണസ്റ്റ് ഒഴിയാത്തതില്‍ സിപിഐ പ്രതിഷേധം തുടരുമ്പോഴാണ് ഒടുവില്‍ രാജി ഉണ്ടാകുന്നത്. വിളിച്ചു ചേര്‍ത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണി പറഞ്ഞായിരുന്നു മേയറുടെ രാജി പ്രഖ്യാപനം.

ഇതോടെ മേയറും ഡെപ്യൂട്ടി മേയറും ഇല്ലാത്ത ഭരണസംവിധാനത്തിലേക്ക് കൊല്ലം കോര്‍പറേഷന്‍ മാറി. സംസ്ഥാനത്തു തന്നെ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു പ്രതിസന്ധി ഉണ്ടാവുകയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. മേയറും ഡെപ്യൂട്ടി മേയറും ഇല്ലാത്ത സാഹചര്യത്തില്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയായ എസ്.ഗീതാകുമാരിക്കാണ് മേയറുടെ ചുമതല ഉണ്ടാവുക.

മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ ഒഴിഞ്ഞു കിടക്കുന്നത് ഭരണസ്തംഭനം ഉണ്ടാക്കില്ലെങ്കിലും കൗണ്‍സില്‍ യോഗങ്ങള്‍ ഉള്‍പ്പടെ വെല്ലുവിളിയായി മാറും. ബജറ്റ് തയാറാക്കുന്ന പ്രവര്‍ത്തനം തുടങ്ങിയിരിക്കെയാണ് ഇത്തരമൊരു അവസ്ഥയെന്നതും പ്രതിസന്ധി തന്നെയാണ്. പുതിയ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിന് 20 ദിവസമെങ്കിലും കുറഞ്ഞത് വേണ്ടി വരും.



By admin