Posted By: Nri Malayalee
January 16, 2025
സ്വന്തം ലേഖകൻ: കൊച്ചി അടക്കം 7 വിമാനത്താവളങ്ങളെ കൂടി ഇനി ഇമിഗ്രേഷൻ നടപടിക്രമം അതിവേഗത്തിലാകും. ഇതിനുള്ള ‘ഫാസ്റ്റ്ട്രാക്ക് ഇമിഗ്രേഷൻ–ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം’ (എഫ്ടിഐ–ടിടിപി) സൗകര്യം ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. ഇതുവരെ ഡൽഹി വിമാനത്താവളത്തിൽ മാത്രമാണ് ഈ സൗകര്യമുണ്ടായിരുന്നത്.
രാജ്യാന്തര വിമാനയാത്രകളിൽ ഇമിഗ്രേഷൻ ക്ലിയറൻസിനായി ക്യൂവിൽ കാത്തുനിൽക്കേണ്ട എന്നതാണ് മെച്ചം. വിദേശയാത്രകളിൽ ഇലക്ട്രോണിക് ഗേറ്റിൽ ബോർഡിങ് പാസും പാസ്‍പോർട്ടും സ്കാൻ ചെയ്ത് അതിവേഗം ഉള്ളിലേക്കും പുറത്തേക്കും പോകാം. നിലവിൽ ഇമിഗ്രേഷൻ കൗണ്ടറിൽ പോയി ഉദ്യോഗസ്ഥരെ കണ്ട് രേഖകൾ കാണിച്ചാണ് നടപടിയെങ്കിൽ ഇനി മുതൽ ഇത് ഓട്ടമേറ്റഡ് ആയതിനാൽ 20 സെക്കൻഡിൽ കാര്യം തീർക്കാം.
ഇതിനായി കൊച്ചിയിൽ 8 ബയോമെട്രിക് ഇ–ഗേറ്റുകളുണ്ടാകും. പരീക്ഷണം മാസങ്ങൾക്കു മുൻപേ ആരംഭിച്ചിരുന്നു. കൊച്ചിക്കു പുറമേ മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, അഹമ്മദാബാദ് എന്നിവിടങ്ങളിലും ഇന്നുമുതൽ ഈ സൗകര്യം ലഭ്യമാകും. അഹമ്മദാബാദിൽ നിന്ന് വെർച്വലായിട്ടായിരിക്കും ഉദ്ഘാടനം. 21 പ്രധാനപ്പെട്ട വിമാനത്താവളങ്ങളിൽ ഘട്ടം ഘട്ടമായി സൗകര്യം ലഭ്യമാക്കും.
എഫ്ടിഐ–ടിടിപി സൗകര്യം ഉപയോഗിക്കണമെങ്കിൽ മുൻകൂറായി ഓൺലൈൻ റജിസ്ട്രേഷൻ നടത്തേണ്ടതുണ്ട്. ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെ പരിശോധനകൾക്കൊടുവിൽ നിങ്ങളെ ട്രസ്റ്റഡ് ട്രാവലറായി (വിശ്വസിക്കാവുന്ന യാത്രക്കാരൻ) കണക്കാക്കും. അങ്ങനെയുള്ളവർക്ക് മാത്രമേ ഈ ഓട്ടമേറ്റഡ് സൗകര്യം ലഭിക്കൂ. ആദ്യഘട്ടത്തിൽ ഇന്ത്യൻ പൗരന്മാർക്കും വിദേശപൗരത്വമുള്ള ഇന്ത്യക്കാർക്കുമാണ് (ഒസിഐ കാർഡുള്ളവർ) സൗകര്യം. ഭാവിയിൽ വിദേശയാത്രക്കാർക്കും ഇത് ലഭ്യമാകും.