
കോൽക്കത്ത: ക്രിക്കറ്റിൽ പാക്കിസ്ഥാനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കേണ്ട സമയമായെന്ന് ഇന്ത്യൻ ടീം മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് ദാദയുടെ അഭിപ്രായ പ്രകടനം.
പാക് ക്രിക്കറ്റ് ടീമുമായുള്ള സഹകരണം പൂർണമായി നിർത്താനുള്ള സമയമായി. പാക്കിസ്ഥാനെതിരേ കടുത്ത നടപടികൾ കൈക്കൊള്ളണം. എല്ലാ വർഷവും ഇത്തരം സംഭവങ്ങളുണ്ടാകുന്നത് ഗൗരവതരമാണ്. ഭീകരതയോട് ഒരു വിട്ടുവീഴ്ചയുടെയും ആവശ്യമില്ലെന്നും ഗാംഗുലി പ്രമുഖ വാർത്താ ഏജൻസിയോട് പറഞ്ഞു.
ഉഭയകക്ഷിബന്ധം വഷളായതിനെ തുടർന്ന് 2008നുശേഷം ഇന്ത്യ പാക്കിസ്ഥാനിൽ കളിച്ചിട്ടില്ല. പാക്കിസ്ഥാൻ ആതിഥേയരായ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങളുടെ വേദി ദുബായ് ആയിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇനി ഒരിക്കലും പാക്കിസ്ഥാനുമായി പരമ്പരയുണ്ടാവില്ലെന്ന് ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ലയും പറഞ്ഞിരുന്നു.