• Thu. Jan 9th, 2025

24×7 Live News

Apdin News

ക്രിസ്മസ് ദിനത്തില്‍ വിടപറഞ്ഞ ദീപക് ബാബുവിന് യുകെ മലയാളികളുടെ യാത്രാമൊഴി; സംസ്കാരം 11ന് നാട്ടില്‍ – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Jan 9, 2025


Posted By: Nri Malayalee
January 8, 2025

സ്വന്തം ലേഖകൻ: ക്രിസ്മസ് ദിനത്തില്‍ വിടപറഞ്ഞ ദീപക് ബാബുവിന് കണ്ണീരോടെ വിടചൊല്ലാന്‍ യുകെ മലയാളികള്‍. നാട്ടിലേക്ക് യാത്ര തിരിക്കും മുമ്പ് യുകെയിലുള്ള സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ദീപകിന്റെ ഭൗതികശരീരത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നോട്ടിങ്ഹാം ഗെഡ്ലിങ് ക്രെമറ്റോറിയത്തില്‍ (NG4 4QH) ഇന്ന് ഉച്ചകഴിഞ്ഞ് 3 മുതല്‍ 5 വരെ പൊതുദര്‍ശനമുണ്ടാകും.

പൊതുദര്‍ശനത്തിനു ശേഷം ദീപകിന്റെ മൃതദേഹം നാളെ നാട്ടിലേക്ക് അയയ്ക്കും. ഒപ്പം നോട്ടിങ്ഹാമിലുള്ള ഉറ്റ സുഹൃത്ത് ജെസിന്‍ ജേക്കബ് അനുഗമിക്കും. മൃതദേഹം നാട്ടില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങും. ദീപകിന്റെ മരണത്തെ തുടര്‍ന്ന് ഭാര്യയും മകനും ജനുവരി 1ന് നാട്ടിലേക്ക് യാത്ര തിരിച്ചിരുന്നു. ഇരുവരെയും ദീപകിന്റെ ഉറ്റ സുഹൃത്ത് മുഹമ്മദ് ഹിലാനി അനുഗമിച്ചിരുന്നു.

ദീപക് ബാബുവിന്റെ മൃതദേഹം ജനുവരി 11ന് കൊല്ലത്തെ മാങ്ങാടുള്ള വീട്ടുവളപ്പില്‍ സംസ്കരിക്കും. നോട്ടിങ്ഹാമിലെ വീട്ടില്‍ വച്ച് കുഴഞ്ഞുവീണ ദീപക് ബാബു (40) ഹൃദയസ്തംഭനം കാരണം സിറ്റി ഹോസ്പിറ്റലില്‍ വെച്ചാണ് മരിച്ചത്. ക്രിസ്മസ് ദിനത്തില്‍ രാത്രിയാണ് മരണം സംഭവിച്ചത്. രണ്ടു വര്‍ഷം മുന്‍പാണ് ഭാര്യ നീതുവും എട്ടു വയസ്സുകാരനായ ഏക മകന്‍ ഭക്ഷിത് (കേശു) എന്നിവരോടൊപ്പം നോട്ടിങ്ഹാമിലേക്ക് കുടിയേറിയത്.

യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളില്‍ ഒന്നായ നോട്ടിങ്ഹാം മുദ്ര ആര്‍ട്സിന്റെ ട്രഷറര്‍, സേവനം യുകെയുടെ മെമ്പര്‍ എന്നീ നിലകളില്‍ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ സജീവമായിരുന്നു. മങ്ങാട് വിദ്യാനഗറില്‍ ജി. ബാബുവിന്റെയും കെ. ജലജയുടെയും മകനാണ്. ദിലീപ് കുമാര്‍ ബാബു, ദിനേഷ് ബാബു എന്നിവര്‍ സഹോദരങ്ങളാണ്.

ദീപകിന്റെ ആകസ്മിക വേര്‍പാടില്‍ കുടുംബത്തിന് സാന്ത്വനമായി യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മുദ്ര ആര്‍ട്സ്, നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍, സേവനം യുകെ എന്നീ സംഘടനകളുടെ സഹകരണത്തോടെ ഫണ്ട് ശേഖരണം നടത്തി. റെക്കോര്‍ഡ് വേഗത്തില്‍ 27,368 പൗണ്ട് ദീപകിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് കൈമാറി.

By admin