മനാമ: ബഹ്റൈന്റെ ഔദ്യോഗിക വിമാന കമ്പനിയായ ഗള്‍ഫ് എയറിന്റെ ലാഭത്തില്‍ വന്‍ വര്‍ധന. 2024 ല്‍ ലാഭത്തില്‍ 53% വര്‍ധനവാണ് രേഖപ്പെടുത്തിയത്. യാത്രക്കാരുടെ എണ്ണം 5.4 ശതമാനം വര്‍ധിച്ചു. 6.2 ദശലക്ഷം യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷം യാത്രക്കായി ഗള്‍ഫ് എയര്‍ തിരഞ്ഞെടുത്തത്.
പാര്‍ലമെന്റില്‍ എംപി ഖാലിദ് ബുവാനക്കിന്റെ ചോദ്യത്തിന് മറുപടിയായി ബഹ്റൈന്‍ മുംതലകത്ത് ഹോള്‍ഡിംഗ് കമ്പനിയുടെ മേല്‍നോട്ടം വഹിക്കുന്ന കാബിനറ്റ് കാര്യ മന്ത്രി ഹമദ് ബിന്‍ ഫൈസല്‍ അല്‍ മാലികി നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യമുള്ളത്. 2024 ല്‍ നേരിട്ടുള്ള നിരവധി റൂട്ടുകള്‍ പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 66 ലക്ഷ്യസ്ഥാനങ്ങളിലേക്കും പങ്കാളി നെറ്റ്വര്‍ക്കുകള്‍ വഴി 100 ലധികം സ്ഥലങ്ങളിലേക്കും സര്‍വീസ് നടത്താനാണ് എയര്‍ലൈന്‍ ഇപ്പോള്‍ പദ്ധതിയിടുന്നത്. ഇതിനായി ഘട്ടം ഘട്ടമായി പുതിയ വിമാനങ്ങള്‍ അവതരിപ്പിക്കും.
അതേസമയം, വാണിജ്യ, വിനോദ, മത ആവശ്യങ്ങള്‍ കൂടുതലുള്ള ലക്ഷ്യസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി വിമാന ശൃംഖല പുനക്രമീകരിക്കുന്നുണ്ട്. നഷ്ടമുണ്ടാക്കുന്ന ഏഴ് റൂട്ടുകള്‍ റദ്ദാക്കും. മിഡില്‍ ഈസ്റ്റ്, കിഴക്കന്‍ ഏഷ്യ, ഇന്ത്യ, യൂറോപ്പ് എന്നിവിടങ്ങളിലായി പന്ത്രണ്ട് ലക്ഷ്യസ്ഥാനങ്ങളിലേയ്ക്കുള്ള സര്‍വീസുകള്‍ കൂട്ടുകയും ചെയ്യും.
The post ഗള്‍ഫ് എയറിന്റെ ലാഭത്തില്‍ 53% വര്‍ധന; ഇന്ത്യയിലേയ്ക്ക് കൂടുതല്‍ സര്‍വീസ് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.