ഗസയെ പുനർനിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് യുഎസ് വൈസ്പ്രസിഡന്റ് ജെഡി വാൻസ്. ഹമാസ് സ്വാധീനമില്ലാത്ത തെക്കൻ ഗസയിലാകും ആദ്യം പുനരധിവാസ പ്രവർത്തനങ്ങൾ ആരംഭിക്കുക. ഇതിലൂടെ രണ്ടു ലക്ഷത്തോളം വരുന്ന പലസ്തീനികൾക്ക് അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജെ ഡി വാൻസ് പറഞ്ഞു.
ഇസ്രയേൽ സന്ദർശനം തുടരുന്നതിനിടയിലാണ് വാൻസ് മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. അഞ്ച് ലക്ഷത്തോളം ജനങ്ങളുള്ള റഫാ അതിർത്തി മേഖലയിൽ കൂടുതൽ സൌകര്യങ്ങൾ ഒരുക്കാൻ ഉദ്ദേശിക്കുന്നതായും ജെഡി വാൻസ് പറഞ്ഞു. വെടിനിർത്തൽ ലംഘനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇസ്രയേലും ഹമാസും ബഹുമാനിക്കുന്നുണ്ടെന്നായിരുന്നു മറുപടി.
അതേസമയം ഗസ്സയിലെ വെടിനിർത്തൽ ലംഘനങ്ങൾക്കിടയിൽ വീണ്ടും ലബനണിലേക്ക് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ. ഹിസ്ബുല്ല കേന്ദ്രമായ ഹെർമെലിന് സമീപത്താണ് ഇസ്രയേലിന്റെ ആക്രമണം. വടക്ക് കിഴക്കൻ ലെബനണിലെ ഹിസ്ബുല്ല നിയന്ത്രണത്തിലുള്ള കേന്ദ്രത്തിലേക്ക് തങ്ങൾ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ അംഗീകരിച്ചിട്ടുണ്ട്. ഹിസ്ബുല്ലയുമായി ഇസ്രയേൽ വെടിനിർത്തൽ ധാരണയിലെത്തുന്നത് 2024 നവംബറിലാണ്. എന്നാൽ കഴിഞ്ഞ ഒരു വർഷത്തോളം കാലമായി ഇസ്രയേൽ ലബനന് മേൽ വ്യോമാക്രമണം തുടർന്നുകൊണ്ടിരിക്കുകയാണ്.