• Thu. Apr 9th, 2026

24×7 Live News

Apdin News

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; ആക്രമണം വെടിനിർത്തൽ പ്രഖ്യാപനത്തിനിടെ

Byadmin

Apr 9, 2026


ഗാസ: ഇസ്രയേൽ ​ഗാസയിൽ നടത്തിയ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. മുഹമ്മദ് വിഷാ ആണ് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. വെടിനിർത്തർ കരാർ ലംഘിച്ച് കൊണ്ടാണ് ഇസ്രയേൽ ​ഗാസയിൽ ആക്രമണം നടത്തിയത്. മുഹമ്മദ് വിഷാ ഉൾപ്പെടെ അൽ ജസീറയുടെ പന്ത്രണ്ട് മാധ്യമ പ്രവർത്തകർ ഇതിനകം ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 2023 ഒക്ടോബർ മുതൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 262 മാധ്യമ പ്രവർത്തകരെങ്കിലും കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ​ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിലുള്ള സമയത്താണ് ഇസ്രയേലിൻ്റെ ആക്രമണങ്ങൾ.

ഇന്നലെയാണ് പാകിസ്താൻ്റെ മധ്യസ്ഥതയിൽ ഇറാനും അമേരിക്കയും തമ്മിൽ വെടിനിർത്തർ കരാറിന് ധാരണയായത്. ഇറാൻ, ​ഗാസ, ലബനൻ തുടങ്ങിയ സംഘർഷ മേഖലകളിൽ ഇസ്രയേലും അമേരിക്കയും നടത്തി വരുന്ന ആക്രമണം അവസാനിപ്പിക്കണമെന്നാണ് കരാർ. ​ഗാസയിലെയും ലബനനിലെയും വെടിനിർത്തൽ ഇറാൻ്റെ പ്രത്യേക നിബന്ധനയായിരുന്നു. അമേരിക്ക ഇത് അം​ഗീകരിച്ചാണ് ധാരണയിൽ എത്തിയത്. എന്നാൽ ഇസ്രയേൽ കരാർ ലംഘിച്ച് ആക്രമണം തുടരുകയാണ്.

യുഎസും ഇറാനും തീരുമാനിച്ച വെടിനിർത്തൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അം​ഗീകരിച്ചിരുന്നു. പക്ഷെ ലബനനെതിരായ ആക്രമണം തുടരുമെന്നാണ് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്. ഇത് വെടിനിർത്തിലിന് വിരുദ്ധമായ തീരുമാനമാണെന്നറിയിച്ച് വിമർശനങ്ങൾ ഉയർന്നിരുന്നു. വെടിനിർത്തൽ വന്നതിനാൽ നിലവിൽ പശ്ചിമേഷ്യൻ മേഖല ശാന്തമാണ്. അതേസമയം ​ഗാസയിലും ലബനനിലും ആക്രമണം തുടരുന്ന അവസ്ഥയാണ്. ഇതിനെതിരെ പ്രതികരിച്ച് ഇറാൻ രം​ഗത്തെത്തിയിരുന്നു. ഇസ്രയേൽ കരാർ ലംഘിച്ചെന്നാണ് ഇറാൻ പ്രതികരിച്ചത്. വെടിനിർത്തലിനിടയിൽ ലബനനെ ആക്രമിച്ച ഇസ്രയേലിനെ അപലപ്പിച്ച് സിറിയയും പ്രതികരിച്ചിരുന്നു.

ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിൽ 254 പേരാണ് ഒറ്റ രാത്രികൊണ്ട് കൊല്ലപ്പെട്ടത്. 1155 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇറാനെതിരെ യുഎസ്- ഇസ്രയേല്‍ സംയുക്ത വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ഇതോടെ പശ്ചിമേഷ്യയിലെ വെടിനിര്‍ത്തലും ഹോർമുസ് കടലിടുക്ക് തുറക്കുന്നതും അനിശ്ചിതത്വത്തിലായി.

By admin