ഗാസ മുനമ്പ് ഏറ്റെടുക്കാൻ യു.എസ് തയ്യാറാണെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം ചരിത്രം തിരുത്തിക്കുറിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച്ചക്കുശേഷം ഇരുനേതാക്കളും സംയുക്തമായി നടത്തിയ വാർത്തസമ്മേളനത്തിലാണ് നെതന്യാഹു ട്രംപിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തത്. ഇസ്രയേലിന് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല സുഹൃത്താണ് ട്രംപ് എന്നും എല്ലാവരും ശ്രദ്ധ നൽകേണ്ട ഒരു ആശയമാണ് ട്രംപ് മുന്നോട്ടുവെച്ചതെന്നും നെതന്യാഹു വ്യക്തമാക്കി.
ഗാസയെ ഏറ്റെടുക്കുമെന്നും പുനർനിർമ്മാണം നടത്തുമെന്നുമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. പ്രദേശത്തെ എല്ലാ ആയുധങ്ങളും ബോംബുകളും നിർവീര്യമാക്കി സാമ്പത്തിക ഉന്നമനം കൊണ്ടുവരാൻ യു.എസ് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേൽ ഹമാസ് സംഘർഷം ഗാസയെ വാസയോഗ്യമല്ലാതാക്കിയിരിക്കുകയാണെന്നും ഈ മേഖലയിൽ നിന്ന് പലസ്തീൻ ജനത ഒഴിഞ്ഞുപോകണമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചർച്ച ആരംഭിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം.
ഗാസയിൽ യു.എസ് പുതിയ തൊഴിലുകളും ഭവനങ്ങളുമുണ്ടാക്കും. മധ്യപൂർവേഷ്യയുടെ കടൽത്തീര സുഖവാസ കേന്ദ്രമാക്കി ഗാസയെ മാറ്റിയെടുക്കും. ഇത് വെറുതെ പറയുന്നതല്ല. ഞാൻ ഈ ആശയം പങ്കുവെച്ചപ്പോൾ എല്ലാവരും താത്പര്യം പ്രകടിപ്പിച്ചു. ഗാസയുടെ സുരക്ഷയ്ക്കായി യു.എസ് സൈനികരെ അവിടേക്ക് അയക്കേണ്ടി വന്നാൽ അതും ചെയ്യും, ട്രംപ് വ്യക്തമാക്കി.